ടെഹ്‌റാൻ: ഇറാനിലെ ഖേഷം ദ്വീപിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെത്തുടർന്ന് പ്രദേശത്ത് കനത്ത പുക ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കയുടെ 18 എംക്യു-1 പ്രിഡേറ്റർ ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.) അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികനെ കാണാതായി. ആക്രമണത്തിനിരയായ ‘താര ഗ്യാസ്’ എന്ന ഇന്ധന ടാങ്കറിലുണ്ടായിരുന്ന 25 നാവികരിൽ 24 പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര തുറമുഖ മന്ത്രാലയം അറിയിച്ചു. കാണാതായ നാവികനായി തിരച്ചിൽ തുടരുകയാണ്. ടാങ്കറിന് നേരെയാണ് ഹോർമുസിൽ മിസൈൽ ആക്രമണമുണ്ടായത്.
അതിനിടെ, ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതിനു പിന്നാലെയായിരുന്നു സ്ഫോടനശബ്ദങ്ങൾ. ബഹ്‌റൈനിലെ റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ ആക്രമണം ഫലപ്രദമായി തടഞ്ഞതായി ബഹ്‌റൈൻ സൈന്യം അറിയിച്ചു.
അമേരിക്കയോ ഇസ്രയേലോ ആക്രമണം നടത്തിയാൽ ആ രാജ്യങ്ങളുടെ സൈനിക താവളങ്ങൾക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ തട്ടി രണ്ട് കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ നാവികസേന അറിയിച്ചു. ജലപാതയുടെ പടിഞ്ഞാറൻ ഭാഗത്തും തെക്കൻ ഭാഗത്തുമായി ഓരോ കപ്പലുകൾക്കാണ് അപകടമുണ്ടായത്. ഇറാന്റെ ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്നാണ് കപ്പലുകൾക്കെതിരെ നടപടിയുണ്ടായതെന്നാണ് റെവല്യൂഷണറി ഗാർഡ്സിന്റെ ആരോപണം.