നിലമ്പൂർ: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച് നാലംഗസംഘം 9.90 ലക്ഷം രൂപ കവർന്നു. മലപ്പുറം നിലമ്പൂരിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് പട്ടാപ്പകൽ കവർച്ച നടന്നത്. കാളികാവ് അഞ്ചവടി സ്വദേശി ഫൈസലിനാണ് പണം നഷ്ടമായത്.
നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽനിന്ന് പണവുമായി പുറത്തിറങ്ങിയ ഫൈസലിനെ പിന്തുടർന്നെത്തിയ സംഘം അപ്രതീക്ഷിതമായി തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന പണം ബലമായി തട്ടിയെടുത്തു. നാട്ടുകാരും വഴിയാത്രക്കാരും നോക്കിനിൽക്കെയായിരുന്നു അക്രമിസംഘത്തിന്റെ അതിക്രമം. പ്രതിരോധിക്കാൻ ഫൈസൽ ശ്രമിച്ചെങ്കിലും പണവുമായി നാലുപേരും കടന്നുകളഞ്ഞു. കവർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുറത്തുവന്ന ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാങ്കിൽനിന്ന് പണമെടുത്ത് പുറത്തിറങ്ങിയ ഉടൻതന്നെ ആക്രമണമുണ്ടായ സാഹചര്യത്തിൽ പ്രതികൾക്ക് യുവാവിന്റെ പണം പിൻവലിക്കുന്നതിനെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.