കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ 2024ല്‍ വിദ്യാര്‍ഥികള്‍ സസ്പെന്‍ഷനിലായിരുന്നുവെന്നും ഇവരെ തിരിച്ചെടുക്കാത്തതോടെ പഠനം തന്നെ ഉപേക്ഷിക്കേണ്ടിവന്നുമെന്നുമുള്ള വാര്‍ത്തക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ആ വിദ്യാര്‍ഥികള്‍ എസ്എഫ്ഐ അല്ലാത്തതിനാല്‍ അവരെ വിദ്യാര്‍ഥികളായി കാണാന്‍ പറ്റില്ലത്രേയെന്ന് ജിന്റോ ജോണ്‍ അന്നത്തെ ഇടത് സിന്‍ഡിക്കേറ്റ് നിലപാടിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. അവരുടെ പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവകാശത്തിന് വേണ്ടി സാംസ്കാരിക കരച്ചിലില്ലത്രേ. അവര്‍ക്ക് വേണ്ടി സമരപ്പന്തല്‍ കെട്ടാനോ സമരനാടകം നടത്താനോ പറ്റില്ലത്രേ. കാരണം അവര്‍ എസ്എഫ്ഐ അല്ലല്ലോ!
‘സ്വന്തം’ കുട്ടികളെ കുറിച്ച് മാത്രം വേവലാതി കൊള്ളുന്ന, അവരെന്ത് തെമ്മാടിത്തരം കാണിച്ചാലും കണ്ണടച്ച് പിന്തുണക്കുന്ന, പാര്‍ട്ടി പരിപാടിക്കൊത്ത് നന്നായി വാത്സല്യം പ്രകടിപ്പിക്കുന്ന, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്ലപിള്ള കഥകള്‍ പടച്ചുവിടുന്നവരില് എത്രപേര്‍ പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ഥനെ മൂന്ന് ദിവസം കുടിവെള്ളവും ഭക്ഷണവും കൊടുക്കാതെ കൂട്ടവിചാരണ നടത്തി കൊന്ന് കെട്ടിത്തൂക്കിയപ്പോള്‍ അത് കണ്ട് കരഞ്ഞു? അത് കാണാതിരുന്ന, അന്ന് കരയാതിരുന്ന ആരുടേയും കരച്ചില് ആത്മാര്‍ത്ഥത ഉള്ളതായി തോന്നുന്നില്ല -ജിന്റോ ജോണ്‍ പറഞ്ഞു. കാലടിയില്‍ സമരം ചെയ്യുന്ന ഓരോ വിദ്യാര്‍ത്ഥിക്കും പരീക്ഷ എഴുതാന്‍ അവസരം ഒരുക്കപ്പെടണം.
പിണറായി സിന്‍ഡിക്കേറ്റിന്റെ വൈരനിര്യാതന ബുദ്ധിയുടെ തുടര്‍ച്ച ഉണ്ടാകാനും പാടില്ല. എന്നാല്‍ ആ കുട്ടികളുടെ ഏകപക്ഷീയ വിദ്യാര്‍ത്ഥി അവകാശബോധവും തിരുത്തപ്പെടണം. യൂണിവേഴ്സിറ്റിയുടെ പൊതുനിയമങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്നും ശീലിക്കപ്പെടണം -ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.