ആലപ്പുഴ: മാവേലിക്കരയിൽ അസം സ്വദേശികളായ കുടുംബത്തിലെ ഒന്നരവയസുകാരി ദീപികയെ തറയിലടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞ് കരഞ്ഞതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. അമ്മയുടെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങിയ പ്രതി പരിതോഷ് മണ്ഡൽ മൂന്ന് തവണ കുട്ടിയുടെ മുഖം തറയിൽ അടിക്കുകയായിരുന്നു.
ആദ്യത്തെ അടിയിൽ കുഞ്ഞ് കരഞ്ഞെന്നും രണ്ടാമത്തെ അടിയോടെ അനക്കം നഷ്ടമായെന്നും അമ്മ റോണ്ട് വാലി മൊഴി നൽകിയിട്ടുണ്ട്. അമ്മയെ ആക്രമിക്കുന്നതിനിടെ ഒക്കത്തിരുന്ന് കുഞ്ഞ് കരഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കുഞ്ഞിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച റോണ്ട് വാലിയെയും മൂത്തമകൾ ലുധികയെയും പ്രതി മർദിച്ചു. അതിക്രമത്തിന് പിന്നാലെ മദ്യലഹരിയിലായിരുന്ന പ്രതി വാടകവീട്ടിൽ കിടന്നുറങ്ങിയെന്നും വിവരമുണ്ട്.
പിന്നീട് അമ്മയും മൂത്തമകളും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം 28നാണ് പരിതോഷ് മണ്ഡൽ റോണ്ട് വാലിക്കും കുട്ടികൾക്കുമൊപ്പം അസമിൽനിന്ന് മാവേലിക്കരയിലെത്തിയത്. റോണ്ട് വാലിയെ ഇയാൾ നിയമപരമായി വിവാഹം കഴിച്ചിരുന്നില്ലെന്നാണ് വിവരം. കൊല്ലപ്പെട്ട ദീപിക തന്റെ കുട്ടിയല്ലെന്നാണ് പരിതോഷിന്റെ മൊഴി. എന്നാൽ ഭാര്യയും മക്കളുമാണെന്ന് പറഞ്ഞാണ് ഇയാൾ ഇവരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട ദീപികയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.