കാസർകോട്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്തെ കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. സംഭവത്തിൽ ആദൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഹൈദർ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞുകിടക്കുന്നത് സുഹൃത്താണ് ആദ്യം കണ്ടത്. തുടർന്ന് ഹൈദറിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആദൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നായാട്ടിന് ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് കണ്ടെത്തിയത്. ഹൈദറിന്റെ കവിളിൽ വെടിയേറ്റ മുറിവുണ്ടായിരുന്നതായും പോലീസ് കണ്ടെത്തി. വെടിയേറ്റതാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തോക്കിൽ നിറയെ തിരകളുണ്ടായിരുന്നതായും പോലീസ് പറയുന്നു.
വിദേശത്തായിരുന്ന ഹൈദർ അലി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. നായാട്ടിനായി പുറപ്പെട്ടതാണോ, അതിനിടെയാണോ വെടിയേറ്റതെന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.