മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിലാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മാപ്പപേക്ഷ നടത്തിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ജുനൈദിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും കൂട്ടുകാരോടും പൊതുജനങ്ങളോടും മാപ്പുചോദിക്കുന്നതായും കെ.എസ്.ഇ.ബി. വ്യക്തമാക്കി.
പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് കെ.എസ്.ഇ.ബി. വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് കുറിപ്പിൽ പറയുന്നു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നിഷ്പക്ഷമായും കൃത്യമായും അന്വേഷിക്കും. അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ബോർഡ് ഉറപ്പുനൽകി.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരവും കാര്യക്ഷമവുമായ നടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വൈദ്യുത ലൈനുകളിലും പരിശോധനയും പട്രോളിങ്ങും നടത്തി അപകടസാധ്യതകൾ കണ്ടെത്തി പരിഹരിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ചിത്രങ്ങളും വിശദാംശങ്ങളും 9496010101 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്ത് അറിയിക്കണമെന്നും ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
ജുനൈദിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി.യുടെ കുറിപ്പ് അവസാനിക്കുന്നത്.