ഒഡിഷ: സംബൽപുർ ജില്ലയിൽ റോഡപകടത്തിൽ ചത്ത നായയുടെ മാംസം ഭക്ഷിക്കുന്ന നിലയിൽ ഒരാളെ കണ്ടെത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. മനേശ്വർ ഛക്കിന് സമീപമാണ് സംഭവം നടന്നത്. വാഹനമിടിച്ച് നായ ചത്തതിനെ തുടർന്ന് അതിന്റെ ജഡം റോഡരികിൽ കിടക്കുകയായിരുന്നു. ഇതിനിടെയാണ് ഒരാൾ നായയുടെ ജഡത്തിനരികിൽ ഇരുന്ന് മാംസം പറിച്ചെടുത്ത് ഭക്ഷിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
ദൃശ്യങ്ങൾ കണ്ട നിരവധി പേർ ഞെട്ടൽ രേഖപ്പെടുത്തിയെങ്കിലും സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും ചർച്ചകൾ ഉയർന്നിട്ടുണ്ട്. തെരുവിൽ കഴിയുന്നവർക്കിടയിലെ പട്ടിണി, ദാരിദ്ര്യം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം വീണ്ടും ചൂണ്ടിക്കാട്ടുന്നത്. ഒരാളെ ഇത്രയും ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തിച്ച സാമൂഹികവും വ്യക്തിപരവുമായ കാരണങ്ങൾ പരിശോധിക്കണമെന്നും ആവശ്യമുയരുന്നു.
നഗ്നനേത്രങ്ങൾക്ക് അസാധാരണമായി തോന്നുന്ന പെരുമാറ്റവും ശാരീരികാവസ്ഥയും കണക്കിലെടുത്ത് ഇയാൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടാകാമെന്നും കടുത്ത ദുരിതാവസ്ഥയിലായിരിക്കാമെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവർ സംശയിച്ചു. കടുത്ത പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണയുടെയും അഭാവവും ഇയാളുടെ അവസ്ഥയ്ക്ക് കാരണമായിരിക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എന്നാൽ ഇയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
നായയുടെ ജഡം ഭക്ഷിക്കുന്നത് തടയാൻ ദൃക്സാക്ഷികൾ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽ അവരുടെ അഭ്യർഥനകൾക്ക് കാര്യമായ ശ്രദ്ധ നൽകാതെ ഇയാൾ ഭക്ഷണം തുടരുകയായിരുന്നു.
സംഭവത്തിൽ പ്രാദേശിക ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇയാളെ കണ്ടെത്തി ഭക്ഷണവും സുരക്ഷിതമായ താമസസൗകര്യവും ഉറപ്പാക്കണം. കൂടാതെ കൃത്യമായ വൈദ്യപരിശോധനയും ആവശ്യമായ മാനസികാരോഗ്യ ചികിത്സയും മറ്റ് സഹായങ്ങളും ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഒരു വ്യക്തിയുടെ അസാധാരണമായ പ്രവൃത്തിയായി മാത്രം കാണാതെ തെരുവിൽ കഴിയുന്നവരുടെ ദുരിതവും പട്ടിണിയും പരിഹരിക്കേണ്ടതിന്റെ ആവശ്യകതയായി കാണണമെന്നാണ് ഉയരുന്ന ആവശ്യം.