എൻവിഡിയ സഹസ്ഥാപകനും മുൻ സിഇഒയുമായ ജെൻസൻ ഹുവാങും സിംഗപ്പൂർ ആസ്ഥാനമായുള്ള സാങ്കേതിക കമ്പനിയായ മെഗാസ്പീഡിന്റെ മുൻ ഡയറക്ടർ ആലീസ് ഹുവാങും തമ്മിലുള്ള ബന്ധം ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ ഹണിട്രാപ്പ് നീക്കത്തിന്റെ ഭാഗമായിരിക്കാമെന്ന് മുൻ റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയുടെ ആരോപണം. കോർപ്പറേറ്റ് ചാരവൃത്തിയുടെ സാധ്യതയുള്ള സംഭവമായി ഈ വിവാദത്തെ കാണണമെന്നും മുൻ റഷ്യൻ ചാരവനിതയെന്ന് അവകാശപ്പെടുന്ന അലിയ റോസ പറഞ്ഞു.
രഹസ്യ ഓപ്പറേഷനുകൾ, സാമൂഹിക ഇടപെടലുകളിലൂടെയുള്ള സ്വാധീനമുണ്ടാക്കൽ (സോഷ്യൽ എൻജിനീയറിങ്), മനഃശാസ്ത്രപരമായ നിയന്ത്രണരീതികൾ എന്നിവയിൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അലിയ റോസയുടെ അവകാശവാദം. നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ഇവർ, കോർപ്പറേറ്റ് മേധാവികൾക്ക് ഇത്തരം ചതിക്കുഴികൾ തിരിച്ചറിയാനും ഹണിട്രാപ്പ് നീക്കങ്ങൾ തടയാനുമുള്ള ഉപദേശങ്ങൾ നൽകുന്നുണ്ടെന്നും എൻഡിടിവിയോടു സംസാരിക്കവേ അലിയ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് നിർമാതാക്കളായ എൻവിഡിയയെയും മുൻ മേധാവി ജെൻസൻ ഹുവാങിനെയും ചുറ്റിപ്പറ്റി വലിയ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് റോസയുടെ ആരോപണം. ആലീസ് ഹുവാങ് ചൈനീസ് ചാരയാണെന്നും ജെൻസൻ ഹുവാങുമായുള്ള ബന്ധം ഉപയോഗിച്ച് കമ്പനിയുടെ നിർണായകമായ രഹസ്യവിവരങ്ങൾ ബെയ്ജിങ്ങിന് കൈമാറാൻ ശ്രമിച്ചെന്നുമാണ് ആരോപണം. എന്നാൽ ആലീസ് ചാരയാണെന്ന ആരോപണം ചൈന നിഷേധിച്ചിട്ടുണ്ട്. ആലീസിന്റെ വ്യക്തിജീവിതത്തെയും പശ്ചാത്തലത്തെയും കുറിച്ചുള്ള വിവരങ്ങളും ഇപ്പോഴും വ്യക്തമായിട്ടില്ല.
ആലീസ് ഹുവാങ് മുൻ ഡയറക്ടറായിരുന്ന സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് എന്ന കമ്പനി കോടിക്കണക്കിന് ഡോളറിന്റെ അത്യാധുനിക എഐ ചിപ്പ് ഇടപാടുകളിൽ പങ്കാളിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ ആലീസും എൻവിഡിയ മേധാവിയും തമ്മിലുള്ള ബന്ധത്തിന് കോർപ്പറേറ്റ് ചാരവൃത്തിയുമായി ബന്ധമുണ്ടോയെന്ന സംശയമാണ് ഉയരുന്നത്.
ആലീസുമായുള്ള ബന്ധത്തിന്റെ തുടക്കം സംശയാസ്പദമാണെന്നാണ് അലിയ റോസ പറയുന്നത്. 2010ൽ ആലീസിന്റെ ഭർത്താവ് കാങ് വെയ്, ഗെയിമിങ് രംഗത്ത് കമ്പനി സ്ഥാപിച്ചിരുന്ന ജെൻസൻ ഹുവാങിനെ പരിചയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഓഹരി വിപണിയിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട സംശയത്തിൽ കാങ് വെയ് കസ്റ്റഡിയിലാകുകയും പൊലീസ് അന്വേഷണം നേരിടുകയും ചെയ്തതായി റോസ ചൂണ്ടിക്കാട്ടി. വർഷങ്ങൾക്കുശേഷം ഇയാൾ തന്റെ ഭാര്യയായ ആലീസ് ഹുവാങിനെ ജെൻസൻ ഹുവാങിന് പരിചയപ്പെടുത്തിയെന്നും അവർ പറഞ്ഞു.
പരസ്പര വിശ്വാസമുള്ള ഒരാളുടെ പരിചയത്തിലൂടെ ലക്ഷ്യവ്യക്തിയിലേക്ക് എത്തിച്ചേരുന്നത് രഹസ്യാന്വേഷണ ഏജൻസികൾ ഉപയോഗിക്കുന്ന സോഷ്യൽ എൻജിനീയറിങ് രീതികളിലൊന്നാണെന്നാണ് റോസയുടെ വിശദീകരണം. അപരിചിതനായ ഒരാൾ നേരിട്ട് സമീപിക്കുന്നതിനുപകരം വിശ്വസിക്കുന്ന ഒരാളുടെ മധ്യസ്ഥതയിലൂടെ ബന്ധം സ്ഥാപിക്കുന്നത് ലക്ഷ്യവ്യക്തിയുടെ ജാഗ്രത കുറയ്ക്കാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
2024ലും 2025ലും ജെൻസൻ ഹുവാങും ആലീസും ഒരുമിച്ച് സ്വകാര്യ അത്താഴവിരുന്നുകളിൽ പങ്കെടുത്തതായും പരസ്പരം ചുംബിക്കുന്നതും അടുത്തിടപഴകുന്നതും ഒരേ കാറിൽ യാത്ര ചെയ്യുന്നതുമെല്ലാം കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും റോസ പറഞ്ഞു. ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും അവർ പരാമർശിച്ചു. എന്നാൽ ജെൻസൻ ഹുവാങ് തന്നെ വ്യക്തമാക്കിയതുപോലെ ഇരുവരും തമ്മിൽ ബിസിനസ് ബന്ധമൊന്നുമില്ലെന്നാണ് റോസയുടെ വിലയിരുത്തൽ.
എൻവിഡിയയിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥയായ കിംബർലി പവലുമായും ജെൻസൻ ഹുവാങിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും റോസ അഭിമുഖത്തിൽ പരാമർശിച്ചു. ഒരു ആഗോള സാങ്കേതിക സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ സ്വകാര്യജീവിതം പോലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഇടയാക്കാമെന്നാണ് അവരുടെ വാദം. “ഇത്രയും ഉയർന്ന സ്ഥാനത്തിരിക്കുന്ന, ബുദ്ധിമാനായ ഒരാൾ സ്വന്തം ഭാര്യയോട് വിശ്വസ്തത പുലർത്തുന്നില്ലെങ്കിൽ, അദ്ദേഹത്തിന് രാജ്യത്തോടും ദേശീയ സുരക്ഷയോടും വിശ്വസ്തത പുലർത്താനാകുമോ എന്ന ചോദ്യം ഉയരുന്നു” എന്നായിരുന്നു റോസയുടെ പ്രതികരണം.
ഹണിട്രാപ്പ് എങ്ങനെ പ്രവർത്തിക്കുന്നു?
രഹസ്യാന്വേഷണ ലോകത്തേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ചും അലിയ റോസ അഭിമുഖത്തിൽ വിശദീകരിച്ചു. ഉയർന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന പിതാവിലൂടെയാണ് ഈ മേഖലയുമായി പരിചയപ്പെട്ടതെന്നാണ് അവരുടെ വെളിപ്പെടുത്തൽ. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്കാണ് പിതാവ് ആദ്യം തന്നെ കൊണ്ടുപോയതെന്നും അവർ പറഞ്ഞു.
പിന്നീട് ഹണിട്രാപ്പുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയെന്നും റോസ അവകാശപ്പെട്ടു. ലക്ഷ്യവ്യക്തികളെ വശീകരിക്കുക, സമ്മതിപ്പിക്കുക, സ്വാധീനിക്കുക, ആശയവിനിമയത്തിലൂടെ അവരുടെ ചിന്തകളെ നിയന്ത്രിക്കുക തുടങ്ങിയ മനഃശാസ്ത്രപരമായ തന്ത്രങ്ങളാണ് പരിശീലനത്തിന്റെ ഭാഗമായി പഠിപ്പിച്ചതെന്നും അവർ പറഞ്ഞു. ലക്ഷ്യവ്യക്തിയുടെ മനസ്സിൽ ചില ആശയങ്ങൾ ഉറപ്പിച്ചുനിർത്തുന്ന രീതികൾ, സ്വാധീനമുണ്ടാക്കാനുള്ള ആശയവിനിമയ തന്ത്രങ്ങൾ, ആകർഷണത്തിലൂടെ വിശ്വാസം നേടിയെടുക്കുന്ന രീതികൾ എന്നിവയും പരിശീലനത്തിലുണ്ടായിരുന്നുവെന്നാണ് റോസയുടെ വെളിപ്പെടുത്തൽ.