ന്യൂഡൽഹി: രാജ്യത്തെ സുപ്രധാന പ്രതിരോധ വിവരങ്ങളും അതീവരഹസ്യ രേഖകളും പാക്കിസ്ഥാനുവേണ്ടി ചോർത്തിയ സംഭവത്തിൽ അറസ്റ്റിലായ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെതിരേ കുറ്റപത്രം സമർപ്പിച്ചു. ഗുരുതര വിവരങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളത്.
ഇന്ത്യൻ വ്യോമസേനയിലെ (IAF) വിങ് കമാൻഡർ രഹസ്യ യുദ്ധപദ്ധതികൾ, ഡ്രോണുകളുടെ ശേഷി, യുദ്ധവിമാനങ്ങളുടെ നീക്കങ്ങൾ, തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവ പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ളയാൾക്ക് കൈമാറിയെന്ന് ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു. രഹസ്യവിവരങ്ങൾ ചോർത്തിയെന്ന കേസിൽ ഔദ്യോഗിക രഹസ്യനിയമപ്രകാരം (Official Secrets Act) മേയിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ, പാക് ചാരസംഘത്തിന്റെ നിർദേശപ്രകാരം തന്റെ കീഴിലുള്ള അഞ്ച് ഉദ്യോഗസ്ഥരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ചാരസോഫ്റ്റ്വെയറും സ്ഥാപിച്ചെന്നും ആരോപണമുണ്ട്. ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് കുറ്റപത്രത്തിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഉദ്യോഗസ്ഥൻ കൈമാറിയ വിവരങ്ങൾ രാജ്യത്തിന്റെ നിർണായക സൈനിക ആസ്തികളുടെ സുരക്ഷയെ ബാധിക്കാനും സൈനിക പ്രവർത്തനങ്ങളിലെ ദൗർബല്യങ്ങൾ പുറത്തുകൊണ്ടുവരാനും ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
2026 ജനുവരി 12 മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള കാലയളവിൽ വാട്സ്ആപ്പ് വഴിയാണ് ഉദ്യോഗസ്ഥൻ പാക് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ളയാളുമായി ആശയവിനിമയം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഓഫീസിലേക്ക് സ്മാർട്ട്ഫോൺ കൊണ്ടുപോയതിനെത്തുടർന്ന് ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചതോടെയാണ് ആശയവിനിമയങ്ങൾ അന്വേഷണപരിധിയിൽ വന്നത്.
അശ്ലീല ചിത്രങ്ങൾക്ക് പകരം രഹസ്യ യുദ്ധപദ്ധതികൾ
പാക് ചാരസംഘവുമായി ബന്ധമുള്ളയാൾ അയച്ച അശ്ലീല ചിത്രങ്ങൾക്ക് പകരമായി ഉദ്യോഗസ്ഥൻ രഹസ്യ യുദ്ധപദ്ധതിയുടെ ഒരു പേജ് കൈമാറിയെന്നാണ് കുറ്റപത്രത്തിലെ പ്രധാന ആരോപണം. കൂടുതൽ അശ്ലീല ചിത്രങ്ങൾ നൽകിയാൽ യുദ്ധപദ്ധതിയുടെ അധിക പേജുകളും കൈമാറാമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്തതായും പോലീസ് ആരോപിക്കുന്നു.
രഹസ്യ ഡ്രോൺ യൂണിറ്റിന്റെ അംഗബലവും സംഘടനാ ഘടനയും, ഡ്രോൺ പരീക്ഷണങ്ങളുടെ ഫലങ്ങൾ, ആയുധങ്ങളുടെ പ്രവർത്തനക്ഷമതയും ഉപയോഗസമയവും, ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനും ആക്രമിക്കുന്നതിനുമുള്ള സംവിധാനങ്ങൾ, യുദ്ധസാഹചര്യങ്ങളിൽ വിന്യസിക്കാൻ നിശ്ചയിച്ചിരുന്ന സ്ഥലങ്ങൾ തുടങ്ങിയ സുപ്രധാന വിവരങ്ങളാണ് ചോർന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ലേയിൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും രാജസ്ഥാനിലെ സൂറത്ത്ഗഢിലുള്ള മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടന്ന സൈനികാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥൻ കൈമാറിയതായി കുറ്റപത്രത്തിൽ പറയുന്നു.
ഉദ്യോഗസ്ഥനും സംശയിക്കപ്പെടുന്ന പാക് ഏജന്റും തമ്മിൽ നടന്ന വാട്സ്ആപ്പ് ആശയവിനിമയത്തിന്റെ വിവരങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 3,008 ടെക്സ്റ്റ് സന്ദേശങ്ങൾ, 65 ചിത്രങ്ങൾ, 65 പ്രതികരണങ്ങൾ, 42 വോയ്സ് കോളുകൾ, നാല് വീഡിയോ കോളുകൾ, ആറ് വെബ് ലിങ്കുകൾ എന്നിവ കൈമാറിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അഞ്ച് സഹപ്രവർത്തകരുടെ ഉപകരണങ്ങളിലും ചാരസോഫ്റ്റ്വെയർ
ഉദ്യോഗസ്ഥന്റെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിച്ചിരുന്ന രഹസ്യവിവരങ്ങളും മേലുദ്യോഗസ്ഥരുമായുള്ള ആശയവിനിമയങ്ങളും ചോർത്താൻ കഴിയുന്ന മാൽവെയർ ആപ്ലിക്കേഷനുകൾ പാക് ഏജന്റ് നൽകിയതായും പോലീസ് ആരോപിക്കുന്നു.
ഇതിനു പുറമെ, തന്റെ കീഴിൽ ജോലി ചെയ്തിരുന്ന അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി ഉപകരണങ്ങളിൽ നിർദേശിക്കപ്പെട്ട മാൽവെയർ അഥവാ ചാരസോഫ്റ്റ്വെയർ സ്ഥാപിച്ചതായും വിങ് കമാൻഡർക്കെതിരെ കുറ്റപത്രത്തിൽ ആരോപണമുണ്ട്. ഇതിലൂടെ കൂടുതൽ സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഔദ്യോഗിക ആശയവിനിമയങ്ങളും ചോർത്താൻ ശ്രമിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
മേയിൽ അറസ്റ്റ്; ജൂലൈയിൽ കുറ്റപത്രം
വ്യോമസേനാ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. 2026 മേയ് 30നാണ് ഡൽഹി പൊലീസ് വിങ് കമാൻഡറെ അറസ്റ്റ് ചെയ്തത്. ജൂലൈ 30ന് കുറ്റപത്രം സമർപ്പിച്ചതായി ഓഗസ്റ്റിൽ പുറത്തുവന്ന പോലീസ് പ്രസ്താവന ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഉദ്യോഗസ്ഥനെ നിയമനടപടികൾക്കായി കൈമാറുന്നതിനു മുമ്പ് വ്യോമസേന നിരീക്ഷണത്തിലാക്കിയിരുന്നുവെന്ന് അന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമം വഴിയാണ് ഇയാളെ ഒരു സ്ത്രീ സമീപിച്ചതെന്നും ഇവർ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധമുള്ളയാളാണെന്ന് സംശയിക്കുന്നതായും പോലീസ് നേരത്തേ ആരോപിച്ചിരുന്നു.
1923ലെ ഔദ്യോഗിക രഹസ്യനിയമം പ്രകാരം രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സംരക്ഷിത സർക്കാർ വിവരങ്ങൾ അനധികൃതമായി പുറത്തുവിടുന്നതും ചാരവൃത്തി നടത്തുന്നതും കുറ്റകരമാണ്. നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം സൈനിക, വ്യോമസേനാ കാര്യങ്ങളുമായി ബന്ധപ്പെട്ട ചാരവൃത്തി കുറ്റങ്ങൾക്ക് പരമാവധി 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം.