സോഷ്യൽ മീഡിയ സജീവമായതോടെ പലതരത്തിലുള്ള ചലഞ്ചുകളും ട്രെൻഡാകാറുണ്ട്. എന്നാൽ അവനവന്റെയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാകുന്ന ചലഞ്ചുകൾ നിരവധിയാണ്. ഇത്തരം ചലഞ്ചുകളിൽ പങ്കെടുത്ത് ജീവൻ നഷ്ടപ്പെട്ടവരും കുറവല്ല. സാമ്പത്തിക ബാധ്യതകളും നിയമനടപടികളും ക്ഷണിച്ചുവരുത്തുന്ന ചലഞ്ചുകളുമുണ്ട്. ഇപ്പോഴിതാ, അത്തരമൊരു ചലഞ്ചിനെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലിഫോർണിയയിലെ ഇർവിൻ പൊലീസ് ഡിപ്പാർട്മെന്റ്.
‘ഡോർ കിക്ക് ചലഞ്ച്’ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഈ ചലഞ്ചിന്റെ ഭാഗമായി കുട്ടികൾ അപരിചിതരുടെ വീടുകളിലെത്തി മുൻവാതിലിൽ ശക്തിയായി ചവിട്ടിയശേഷം ഓടിരക്ഷപ്പെടുകയാണ് ചെയ്യുന്നത്. സംഭവങ്ങൾ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യും.
ഇത് വെറുമൊരു തമാശയോ പ്രാങ്കോ അല്ലെന്നും മറ്റുള്ളവരുടെ സ്വത്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെടാൻ സാധ്യതയുണ്ടെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പൊലീസ് വ്യക്തമാക്കി.
‘ഡോർ കിക്ക് ചലഞ്ച് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. വളരെ ലളിതമാണ് ഈ ചലഞ്ച്. ആരുടെയെങ്കിലും വീടിന്റെ മുൻവാതിൽ കഴിയുന്നത്ര ശക്തിയിൽ ചവിട്ടുക, അത് ക്യാമറയിൽ പകർത്തുക, വീട്ടുകാർ പുറത്തുവരുന്നതിനു മുൻപ് ഓടിരക്ഷപ്പെടുക’, പൊലീസ് കുറിച്ചു.
എന്നാൽ ഇതിന്റെ പ്രത്യാഘാതങ്ങൾ അത്ര നിസാരമാകില്ലെന്നും പൊലീസ് ഓർമിപ്പിച്ചു. വാതിലിന് കേടുപാടുകൾ സംഭവിക്കുക, വീട്ടുടമകൾ ഭയപ്പെടുക, അപകടകരമായ ഏറ്റുമുട്ടലുകളുണ്ടാകുക, ക്രിമിനൽ കേസുകൾ നേരിടേണ്ടിവരിക, ആർക്കെങ്കിലും പരിക്കേൽക്കുക തുടങ്ങിയ സംഭവങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടായേക്കാം. ഓൺലൈനിൽ കുറച്ച് ചിരിക്കോ ലൈക്കിനോ വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്ക് യഥാർഥ ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം സമാനമായ ചലഞ്ചിന്റെ ഭാഗമായി എൽക് ഗ്രോവിൽ അഞ്ച് കുട്ടികൾ അറസ്റ്റിലായിരുന്നു. സംഭവത്തിൽ തകർന്ന വാതിൽ നന്നാക്കാൻ വീട്ടുടമയ്ക്ക് 80,000 രൂപയിലധികം ചെലവഴിക്കേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിലെ ഏതാനും ലൈക്കുകൾക്കായി ഇത്തരം അപകടകരമായ ചലഞ്ചുകളിൽ ഏർപ്പെടുന്നത് വലിയ നിയമക്കുരുക്കിലേക്കും സാമ്പത്തിക ബാധ്യതയിലേക്കും നയിക്കാമെന്നാണ് ഈ സംഭവം നൽകുന്ന മുന്നറിയിപ്പ്.