കൊല്ലം: ചടയമംഗലം കുരിയോട് 13-കാരനു നേരെ രണ്ടാനച്ഛന്റെ ക്രൂരമർദനം. മദ്യലഹരിയിൽ രണ്ടാനച്ഛൻ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ക്രൂരമായി മർദ്ദക്കുന്നതിനിടെ അച്ഛാ അടിക്കല്ലേയച്ഛായെന്ന് പറഞ്ഞു കരയുന്നതും അമ്മയോട് തനിക്കു പേടിയാകുന്നുവെന്നും പറഞ്ഞ് അലറിക്കരയുന്നുമുണ്ട്. ഇതിനിടയിൽ രണ്ടാനച്ഛനായ രാജേഷ് കുട്ടിയോട് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുന്നതും ക്രൂരമായി വടികൊണ്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം കുട്ടിയെ രജേഷിനു ഇഷ്ടമല്ലെന്ന് അമ്മ ശാലിനി പറയുന്നു. എന്നും മദ്യപിച്ചെത്തി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും അസഭ്യവർഷവും ആക്ഷേപവും നടത്താറുണ്ടെന്നും ശാലിനി പറഞ്ഞു. പലപ്പോഴും കുട്ടിയെ യാതൊരു കാരണവുമില്ലാതെയാണ് സ്ഥിരമായി മർദിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പി, ചടയമംഗലം എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരിൽനിന്ന് കമ്മിഷൻ വിശദീകരണം തേടി.
രാജേഷിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ബിന്ദുകൃഷ്ണയും പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ റൂറൽ എസ്പിയുമായി ഫോണിൽ സംസാരിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കർശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി റൂറൽ എസ്പിക്ക് നിർദേശം നൽകി.