തിരുവനന്തപുരം: ചാലയിൽ സ്വർണ വ്യാപാരിയിൽ നിന്ന് 250 പവൻ സ്വർണമടങ്ങിയ ബാഗ് കവർന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ചാല വൈഷ്ണവി ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാറിൻറെ പക്കൽ നിന്നാണ് സ്വർണം കവർന്നത്. ജ്വല്ലറി അടച്ച ശേഷം സ്വർണം ബാഗിലാക്കി വീട്ടിലേക്ക് പോകവെയായിരുന്നു ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കവർച്ച.
വലിയശാലയിലെ വീട്ടിലേക്ക് ബൈക്കിൽ പോകവെ മരക്കട റോഡിൽ വച്ച് ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘം സ്വർണം അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞെന്നാണ് നന്ദകുമാർ പോലീസിൽ മൊഴി നൽകിയത്. ആദ്യം പതിനഞ്ച് പവൻ സ്വർണം നഷ്ടപ്പെട്ടെന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. എന്നാൽ ഇന്ന് രാവിലെയാണ് 250 പവൻ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് പോലീസിൽ മൊഴി നൽകിയത്.
പഴയ സ്വർണം വാങ്ങി ഉരുക്കിയെടുത്ത് പുതിയ സ്വർണമാക്കുകയാണ് ഇവരുടെ പണിയെന്ന് പോലീസ് പറഞ്ഞു. കവർച്ച സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഫോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലസ്ഥാന നഗരത്തിൽ ഉണ്ടായ ഈ കവർച്ചയിൽ പ്രദേശവാസികളും ആശങ്കയിലായിട്ടുണ്ട്.