ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനും മകൾ ഹർഷിത കെജ്രിവാളിനും വധഭീഷണി. ഏഴ് കോടി രൂപ നൽകിയില്ലെങ്കിൽ ഇരുവരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ആം ആദ്മി പാർട്ടി നേതാവും തിലക് നഗർ എംഎൽഎയുമായ ജർണൈൽ സിങ്ങിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ടയാളാണ് പണം ആവശ്യപ്പെട്ട് സന്ദേശമയച്ചത്.
വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി ഫോണിലൂടെയും വാട്സാപ്പ് സന്ദേശത്തിലൂടെയുമാണ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ നവംബർ ആറിന് ജർണൈൽ സിങ് പഞ്ചാബിലെ മൊഹാലി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിതയിലെയും ഐ.ടി. നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.
സൈബർ ക്രൈം വിഭാഗം ഇൻസ്പെക്ടർ സുനിൽ കുമാറിനാണ് അന്വേഷണച്ചുമതല. ഭീഷണി സന്ദേശം അയച്ച മൊബൈൽ നമ്പറിന്റെ കോൾ വിവരങ്ങൾ, ഐ.പി. ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.