ചാരുംമൂട്: ട്രാഫിക് സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് പോലീസുകാരന് പരിക്കേറ്റു. നൂറനാട് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ ഇടക്കുന്നം സ്വദേശി ഗോഗുൽനാഥിനാണ് (28) പരിക്കേറ്റത്. അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇടതുകൈയ്ക്ക് ഒടിവുണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ചാരുംമൂട് ടൗണിലെ ട്രാഫിക് സിഗ്നൽ ജങ്ഷനിലായിരുന്നു അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഗോഗുൽനാഥിന്റെ ബൈക്കിന് പിന്നിൽ അനീഷാമോൾ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗോഗുൽനാഥ് റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് അമ്പതുമീറ്ററോളം മുന്നിലേക്ക് ഉരുണ്ടുപോയ ശേഷമാണ് മറിഞ്ഞത്. അപകടസമയത്ത് കാൽനടയാത്രക്കാരോ മറ്റ് വാഹനങ്ങളോ സമീപത്തില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
സംഭവത്തെ തുടർന്ന് സ്വകാര്യ ബസ് നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ അനൂപിനെതിരെ (35) പോലീസ് കേസെടുത്തു.