ചെന്നൈ: വനിതാ ജില്ല കലക്ടർക്ക് അശ്ലീലമായ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ ടി.വി.കെ കള്ളക്കുറിച്ചി എം.എൽ.എ സി. അരുൾ വിഘ്നേഷിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ. തമിഴ്നാട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പാർട്ടി വ്യാഴാഴ്ച പരാതി നൽകി.സംഭവത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായതോടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അരുൾ വിഘ്നേഷ് നിഷേധിച്ചു.
വനിതാ ജില്ല കലക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ കള്ളക്കുറിച്ചി എം.എൽ.എക്കെതിരെ ഉടൻ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി,ഡി.ജി.പി എന്നിവർക്ക് ഔദ്യോഗിക പരാതി നൽകിയതായി എ.ഐ.എ.ഡി.എം.കെ അഭിഭാഷക വിഭാഗം സെക്രട്ടറി ഐ. ഇൻബദുരൈ എക്സിലൂടെ അറിയിച്ചു.
എ.ഐ.എ.ഡി.എം.കെ സൗത്ത് ചെന്നൈ ജില്ല അഭിഭാഷക വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അഡ്വ. ആർ. ത്രിശൂലിയാണ് പരാതി സമർപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.