മുട്ടം: യുവതിയെ കൊലപ്പെടുത്തി ഇടതുമാറിടം മുറിച്ചുമാറ്റിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തൊടുപുഴ വണ്ടമറ്റം പടിക്കുഴയിൽ ഗിരോഷ് (39) ആണ് ശിക്ഷിക്കപ്പെട്ടത്. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സനു എസ്. പണിക്കരാണ് ശിക്ഷ വിധിച്ചത്. അടിമാലി ഇരുമ്പുപാലം പതിനാലാംമൈൽ ചരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന (38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം, വീട്ടിൽ അതിക്രമിച്ചുകയറൽ, കവർച്ച തുടങ്ങിയ കുറ്റങ്ങളിലാണ് കോടതി ശിക്ഷ വിധിച്ചത്.
2017 ഒക്ടോബർ 10നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കവും വ്യക്തിവിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2015ലാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അന്ന് അടിമാലിയിൽ സ്ഥാപനം നടത്തിയിരുന്ന ഗിരോഷിന് അവിടെവച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ഗോത്രവർഗ പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. പിന്നീട് ഈ ബന്ധത്തിൽനിന്ന് പിന്മാറാൻ ഗിരോഷ് ശ്രമിച്ചു. ഇതിൽ ഇടപെട്ട പൊതുപ്രവർത്തക കൂടിയായ സെലീന നിർബന്ധിച്ച് ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു.
ഇതിനുപുറമേ ഗിരോഷിന്റെ പേരിൽ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഗിരോഷിന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ സെലീനയോടുള്ള വൈരാഗ്യം വർധിച്ചു. തനിക്കെതിരായ സാമ്പത്തിക പരാതികളിലും സെലീനയുടെ ഇടപെടലുകളിലും പ്രതിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
സംഭവദിവസം ഉച്ചയോടെ സെലീനയുടെ വീട്ടിലെത്തിയ ഗിരോഷ് കഠാര ഉപയോഗിച്ച് കഴുത്തിൽ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മടങ്ങിപ്പോയ പ്രതി ഉച്ചകഴിഞ്ഞ് മൂന്നോടെ വീണ്ടും വീട്ടിലെത്തി. സെലീനയുടെ ഇടതുമാറിടം മുറിച്ചെടുത്ത് ബാഗിലാക്കി തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങി. വൈകീട്ട് 7.45ഓടെ മത്സ്യവ്യാപാരിയായ ഭർത്താവ് സിയാദ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പിൻമുറ്റത്ത് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
കേസിൽ നിർണായകമായത് സമീപത്തെ സുഗന്ധവ്യഞ്ജന സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളായിരുന്നു. സംഭവദിവസം ഗിരോഷ് രണ്ടുതവണ ബൈക്കിൽ സെലീനയുടെ വീട്ടിലെത്തുന്ന ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. മുഖം വ്യക്തമായിരുന്നില്ലെങ്കിലും ശരീരഭാഷയും മറ്റ് സാഹചര്യങ്ങളും പരിശോധിച്ച് പോലീസ് പ്രതിയിലേക്ക് എത്തുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷനും അന്വേഷണത്തിൽ സഹായകമായി.
പ്രതിയുടെ ചെരിപ്പിനടിയിൽനിന്ന് ലഭിച്ച മണ്ണും കേസിൽ നിർണായക തെളിവായി. സെലീനയുടെ വീടിന്റെ പരിസരത്തുനിന്ന് ശേഖരിച്ച മണ്ണും പ്രതിയുടെ ചെരിപ്പിനടിയിൽനിന്ന് ലഭിച്ച മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇവയ്ക്ക് സാമ്യമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരായ കേസിന് ബലം നൽകി.
അന്ന് അടിമാലി സി.ഐ.യായിരുന്ന പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസിന്റെ വിവരമറിയുമ്പോൾ പത്തുദിവസത്തെ അവധിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സാബു. 2017 ഒക്ടോബർ 10ന് ലഭിച്ച ഫോൺവിളിയോടെ അവധി ഉപേക്ഷിച്ച് അദ്ദേഹം നേരെ സംഭവസ്ഥലത്തേക്ക് തിരിച്ചു. രാത്രി 9.30ഓടെയാണ് അന്വേഷണസംഘം സ്ഥലത്തെത്തിയത്.
കൊല്ലപ്പെട്ട സെലീനയോട് ആർക്കാണ് ശത്രുതയെന്ന അന്വേഷണത്തിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. വീടിന് എതിർവശത്തുള്ള സുഗന്ധവ്യഞ്ജന കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. രാത്രി രണ്ടോടെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കിലെത്തുന്ന ഒരാൾ സെലീനയുടെ വീട്ടിലേക്ക് രണ്ടുതവണ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ദൃശ്യങ്ങളിൽ മുഖം വ്യക്തമായിരുന്നില്ല. എന്നാൽ ശരീരഭാഷയിൽനിന്ന് അത് ഗിരോഷ് ആയിരിക്കാമെന്ന് ഭർത്താവ് സിയാദ് സംശയം പ്രകടിപ്പിച്ചു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന വിവരവും പോലീസിന് ലഭിച്ചു.
ഗിരോഷിന്റെ വീടറിയാമെന്ന് സിയാദ് അറിയിച്ചതോടെ പുലർച്ചെ മൂന്നോടെ പോലീസ് സംഘം പ്രതിയെ തേടിയിറങ്ങി. പടിഞ്ഞാറേ കോടിക്കുളത്തുനിന്ന് ഗിരോഷിനെ കണ്ടെത്തി. സിയാദ് പ്രതിയെ തിരിച്ചറിഞ്ഞതോടെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും അടിസ്ഥാനമാക്കിയുള്ള ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
എന്നാൽ പ്രതിയെ പിടികൂടിയതോടെ അന്വേഷണം അവസാനിച്ചില്ല. ചോദ്യംചെയ്യലിനിടെ മൊഴികൾ മാറ്റിയതും നിർണായക തെളിവുകൾ കണ്ടെത്താൻ നേരിട്ട ബുദ്ധിമുട്ടുകളും അന്വേഷണത്തെ സങ്കീർണമാക്കി. കേസിൽ പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. 41 രേഖകളും 15 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.
എട്ടുവർഷത്തിനുശേഷം കേസിൽ വിധി വന്നപ്പോൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ പി.കെ. സാബുവിന്റെ ഓർമകളിലും ആ രാത്രി വീണ്ടും തെളിഞ്ഞു. ചില കേസുകൾ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കടന്നുപോകുമ്പോൾ ചിലത് ഒരിക്കലും മനസ്സിൽനിന്ന് മായില്ലെന്നും സെലീന വധക്കേസ് അത്തരത്തിലൊന്നാണെന്നും അദ്ദേഹം ഓർത്തെടുത്തു. ഇപ്പോൾ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യാണ് പി.കെ. സാബു.