ബെളഗാവി: അമ്മയുടെ അവിഹിതബന്ധത്തെ എതിർത്ത മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ്. കർണാടകയിലെ ബെളഗാവി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബെംഗളൂരു ആർ.ടി നഗർ സ്വദേശിയായ വിജയ് നാരായണാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ മീന നാരായണും കാമുകൻ രാകേഷ് ജമുനിയും രാകേഷിന്റെ നാല് സുഹൃത്തുക്കളുമടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബ്യൂട്ടി പാർലറിൽ മാനേജരായി ജോലി ചെയ്തിരുന്ന മീനയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് ജമുനിയുമായി ബന്ധമുണ്ടായിരുന്നു. മീന ഇയാളെ ഡ്രൈവറായി ജോലിക്ക് നിയമിച്ചതിന് പിന്നാലെയാണ് ഇരുവരും അടുപ്പത്തിലായതെന്നാണ് വിവരം. അമ്മയും രാകേഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ വിജയ് ഇതിനെ ശക്തമായി എതിർത്തിരുന്നു. ഇതിന്റെ പേരിൽ അമ്മയുമായി വിജയ് നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
എന്നാൽ മകന്റെ എതിർപ്പിനെ മറികടന്ന് ഇരുവരും രഹസ്യമായി ബന്ധം തുടർന്നു. വിജയ് തങ്ങളുടെ ബന്ധത്തിന് തടസ്സമാണെന്ന് കരുതിയ ഇരുവരും ഇയാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പദ്ധതിയുടെ ഭാഗമായി കർണാടക രാജ്യോത്സവ ആഘോഷങ്ങൾ കാണാനെന്ന വ്യാജേന വിജയിനെ ബെളഗാവിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനായി മീനയും രാകേഷും ചേർന്ന് രാകേഷിന്റെ നാല് സുഹൃത്തുക്കളുടെ സഹായം തേടി. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഗഡ്ഹിംഗ്ലാജ് സ്വദേശിയാണ് ഒന്നാം പ്രതിയായ രാകേഷ്.
നവംബർ ഒന്നിന് കർണാടക രാജ്യോത്സവ ദിനത്തിലാണ് കൊലപാതകം നടന്നത്. ബെളഗാവിയിലെത്തിച്ച വിജയിന് ശീതളപാനീയത്തിന്റെ കുപ്പിയിൽ ഉറക്കഗുളിക കലർത്തി നൽകിയെന്നാണ് പൊലീസ് പറയുന്നത്. മരുന്ന് കഴിച്ച് മയക്കം ബാധിച്ച വിജയിനെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ദേശീയപാതയ്ക്ക് സമീപമുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു.
നവംബർ ഒന്നിന് ഹൈവേയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് വിജയിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിജയിന്റെ മൊബൈൽ ഫോൺ കോൾ ഡീറ്റെയിൽസ് റെക്കോർഡുകൾ പരിശോധിച്ചതാണ് കേസിൽ നിർണായകമായത്. ഫോൺവിളികളുടെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും സ്വന്തം അമ്മയ്ക്കുള്ള പങ്കും പൊലീസ് കണ്ടെത്തുകയായിരുന്നു.
രാകേഷ് ജമുനി, മീന നാരായൺ എന്നിവർക്കുപുറമെ രാകേഷിന്റെ സുഹൃത്തുക്കളായ സച്ചിൻ, മനോജ്, തമ്മണ്ണ, ഏക്നാഥ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് അമ്മയുടെ അവിഹിതബന്ധത്തെ എതിർക്കുകയും ഇതിന്റെ പേരിൽ അമ്മയുമായി വഴക്കിടുകയും ചെയ്തിരുന്നതായി ബെളഗാവി പൊലീസ് കമ്മീഷണർ പ്രകാശ് നികം പറഞ്ഞു. ഇതേത്തുടർന്നാണ് അമ്മയും ഒന്നാം പ്രതിയായ രാകേഷും ചേർന്ന് മകനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആറുപേരുടെയും പങ്ക് സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.