ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) ചെക്ക് പോസ്റ്റിന് നേരെ ബൈക്കിലെത്തിയ ഭീകരർ നടത്തിയ വെടിവെപ്പിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. മിർ ബസാറിന് സമീപമുള്ള അഖ്റാനിലാണ് സംഭവം.
ഉച്ചയ്ക്ക് 2.15ഓടെ സുരക്ഷാ പരിശോധനയ്ക്കായി സ്ഥാപിച്ചിരുന്ന നാക്കയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർക്കു നേരെ അജ്ഞാതരായ ബൈക്ക് യാത്രക്കാർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്ന് ജവാന്മാരെയും അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിആർപിഎഫ് പ്രസ്താവനയിൽ അറിയിച്ചു.
രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നിവരാണ് പരിക്കേറ്റ സിആർപിഎഫ് ഉദ്യോഗസ്ഥർ. രാകേഷ് ദാസിന്റെ ഇടതുകാലിനാണ് വെടിയേറ്റത്. സന്തോഷ് ചന്ദ്രുവിന്റെ വയറിനും നട്ടെല്ലിനും പരിക്കേറ്റു. സോംവീർ സിങ്ങിന്റെ ഇടതുകൈയ്ക്കാണ് പരിക്കേറ്റത്. മൂവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.
ആക്രമണം നടന്ന സമയത്ത് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും കുൽഗാമിലുണ്ടായിരുന്നു. എന്നാൽ ആക്രമണം നടന്ന സ്ഥലത്തിന് സമീപത്തായിരുന്നില്ല അദ്ദേഹം. കുൽഗാമിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ നടക്കുന്ന മൂന്ന് ദിവസത്തെ വെഷൗ ഉത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
ആക്രമണത്തിന് പിന്നാലെ പരിക്കേറ്റ ജവാന്മാരെ സ്ട്രെച്ചറുകളിൽ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആരോഗ്യപ്രവർത്തകർ അടിയന്തര ചികിത്സ നൽകുന്നതിനായി ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും കവചിത വാഹനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. അധിക സേനയെയും പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ആംബുലൻസുകളുടെ സൈറണുകൾ മുഴങ്ങുന്നതിനിടെ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് ഉച്ചഭാഷിണികളിലൂടെ നിർദേശം നൽകി.
ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് സുരക്ഷാസേന വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഭീകരർക്കായി വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്. കഴിഞ്ഞ മാസം ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലും സിആർപിഎഫ് ഉദ്യോഗസ്ഥർക്കു നേരെ സ്ഫോടനമുണ്ടായിരുന്നു. അലാർമെഡ്ഗു ക്യാമ്പിൽ അവശേഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ ഉണ്ടായ ഐഇഡി സ്ഫോടനത്തിൽ നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.