തിരുവനന്തപുരം: വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്. മന്ത്രിയുടെ അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. വൈദ്യുതി മേഖലയിലെ പ്രതിസന്ധിയടക്കമുള്ള വിഷയങ്ങൾ ചർച്ചയായെന്നാണ് വിവരം. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങൾ ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.
വൈദ്യുതി കരാറുമായി ബന്ധപ്പെട്ട തർക്കത്തിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾക്കിടെയാണ് ഇരുവരും പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തിയത്. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മുഖ്യമന്ത്രി അറിഞ്ഞാണ് ഉണ്ടായതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, എല്ലാ കാര്യങ്ങളും വകുപ്പ് മന്ത്രിയെ അറിയിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വൈദ്യുതി കരാറിൽ തനിക്കൊന്നും അറിയില്ലെന്ന മന്ത്രിയുടെ പ്രതികരണമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിക്കെതിരെ ഒരു വകുപ്പ് മന്ത്രി തന്നെ പരസ്യമായി രംഗത്തെത്തുന്ന അപൂർവ സാഹചര്യമാണ് ഇതോടെ ഉണ്ടായത്. മന്ത്രിയെ തള്ളി മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കിയതോടെ തർക്കം കൂടുതൽ രൂക്ഷമായി.
യുഡിഎഫ് കൺവീനർ മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്ന യുഡിഎഫ് കൺവീനറുടെ പരിഹാസത്തിനും വൈദ്യുതി കരാറുമായി ബന്ധപ്പെട്ട തർക്കമാണ് ആധാരമായത്.
കരാർ വേണ്ടെന്നുവയ്ക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത മന്ത്രി, വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പറയുന്നത് ജിഎൻഎ കരാർ ഒഴിവാക്കാനാണെന്നും ആരോപിച്ചു. എന്തിനാണ് കരാർ വേണ്ടെന്നുവയ്ക്കുന്നതെന്ന് അറിയില്ലെന്നും ഒരു വൈദ്യുതി മന്ത്രിക്ക് പരസ്യമായി പറയേണ്ടിവന്നു. തന്നെ അവഗണിച്ച് പവർ സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി കാര്യങ്ങൾ തീരുമാനിച്ചതിലുള്ള മന്ത്രിയുടെ പ്രതിഷേധമാണ് പരസ്യപ്രതികരണങ്ങളിലൂടെ പുറത്തുവന്നത്.