BREAKING NEWS

‘ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി’: മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി

· · 1 min read
Share: Copied!

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സതീശന്റെ നീക്കങ്ങൾ പൊളിഞ്ഞുവീഴുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഡയലോഗ് അടിച്ചാൽ തെറ്റ് വെളുക്കില്ല. രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്. വിവരക്കേടുകളെ വീരവാദമാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. ഈ ശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി’ എന്നും പിണറായി വിജയൻ പറഞ്ഞു. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങണമെന്ന് താൻ വാദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നടത്തിയ സാക്ഷ്യപ്പെടുത്തൽ രാഷ്ട്രീയ നാണക്കേടാണെന്നും പിണറായി വിജയൻ ആരോപിച്ചു.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

സംസ്ഥാനത്തെ ജനങ്ങളെ പവർക്കട്ടിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തി, ഇരുട്ടിന്റെ മറവിൽ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണ്. പ്രതിപക്ഷം കൃത്യമായ വസ്തുതകളോടെ ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ വരുമ്പോൾ, ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണ്. വിവരക്കേടുകൾ വീരവാദങ്ങളാക്കി മാറ്റി ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ സ്ഥിരം പരിഹാസശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി.

തുടക്കം മുതൽ ഞങ്ങൾ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്—കേരളത്തിൽ യഥാർത്ഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ല. വൻകിട വൈദ്യുതി വാങ്ങൽ കരാറുകളുടെ മറവിൽ കൂറ്റൻ അഴിമതി നടത്താനുള്ള സാഹചര്യം ഒരുക്കാനായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണിത്. അതിനുവേണ്ടിയാണ് ജനങ്ങളെ പവർക്കട്ട് ഭീതിയിലാഴ്ത്തി ഇരുട്ടിൽ നിർത്തിയത്. രാജ്യത്തെ വൈദ്യുതിയുടെ പൊതുനിലയും ഒക്ടോബറിലെ റെഗുലേറ്ററി കമ്മീഷൻ ഉത്തരവുമടക്കം സമഗ്രമായി വിലയിരുത്തിയാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചത്. ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് ഞാൻ വാദിച്ചു എന്ന നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി തുടർച്ചയായി പ്രചരിപ്പിക്കുകയാണ്. ജി.എൻ.എ (GNA) കരാർ വഴി നടത്താൻ ശ്രമിച്ച അതിഭീകരമായ പകൽക്കൊള്ളയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, നിരക്കിന്റെ കാര്യത്തിൽ ‘അതിനേക്കാൾ ഭേദമാണ് ഹിമാചൽ വൈദ്യുതി’ എന്ന് താരതമ്യം ചെയ്തതിനെയാണ് വളച്ചൊടിക്കുന്നത്. അത് എങ്ങനെയാണ് ഹിമാചൽ വൈദ്യുതിക്ക് വേണ്ടി വാദിക്കലാകുന്നത്? ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വെല്ലുവിളിക്കാൻ ഉണ്ടെങ്കിൽ അത് ആദ്യം ചെന്ന് നടത്തേണ്ടത് സ്വന്തം വൈദ്യുതി മന്ത്രിയുടെ മുന്നിലാണ്. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും, ഹിമാചലിൽ നിന്നുള്ള ദീർഘകാല വൈദ്യുതി കരാറാണ് ലാഭകരമെന്ന മുൻ കെ.എസ്.ഇ.ബി ചെയർമാന്റെ ശുപാർശ തികച്ചും ശരിയാണെന്നും മാതൃഭൂമി അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞത് വകുപ്പ് മന്ത്രി സണ്ണി ജോസഫാണ്. ആ മന്ത്രിയാകട്ടെ കെ.പി.സി.സി പ്രസിഡന്റുമാണ്.

കൃത്രിമ ക്ഷാമം എന്ന വാദം കെ.എസ്.ഇ.ബി രേഖകൾക്ക് വിരുദ്ധമാണെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി തന്നെയല്ലേ ചെയർമാൻ വ്യാജ കുറിപ്പുണ്ടാക്കിയെന്ന് പറഞ്ഞ് അങ്ങോട്ട് ഒത്തുകളി അന്വേഷണം പ്രഖ്യാപിച്ചത്? റെഗുലേറ്ററി കമ്മീഷന്റെ കർശന മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി, നിയമസാധുതയില്ലാത്ത ജി.എൻ.എ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി പിടിവാശി കാണിച്ചതും അതിനായി സ്വന്തം ഇഷ്ടക്കാരനായ ഊർജ്ജ സെക്രട്ടറിയെ അവരോധിച്ചതുമെല്ലാം ആരുടെ താല്പര്യപ്രകാരമായിരുന്നു? കൊള്ളയ്ക്കുള്ള വഴിവിട്ട നീക്കങ്ങൾ പ്രതിപക്ഷം കയ്യോടെ പിടികൂടിയപ്പോൾ ജി.എൻ.എ കരാർ റദ്ദാക്കിയതും, മുൻ ചെയർമാനെതിരെ അന്വേഷണം പ്രഖ്യാപിച്ചതുമെല്ലാം വകുപ്പ് മന്ത്രിയറിഞ്ഞത് പത്രവാർത്ത കണ്ടാണ്. മുഖ്യമന്ത്രി അങ്ങോട്ടോ താൻ ഇങ്ങോട്ടോ സംസാരിച്ചിട്ടില്ലെന്നും എവിടെയും താൻ സത്യമേ പറയൂ എന്നും ഒരു വകുപ്പ് മന്ത്രിക്ക് പരസ്യമായി സാക്ഷ്യപ്പെടുത്തേണ്ടി വന്നത് കേരള ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയ നാണക്കേടാണ്. മുന്നണി കൺവീനർ അടൂർ പ്രകാശ് പോലും തുറന്നുപറയുന്നത് തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന്.

എൻ.ടി.പി.സിയിൽ നിന്ന് യൂണിറ്റിന് 5 രൂപ 18 പൈസ നിരക്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമെന്ന ന്യായം പറഞ്ഞ് ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കേണ്ട. എൻ.ടി.പി.സിയിൽ നിന്നുള്ള കേന്ദ്രവിഹിതവും വൈദ്യുതി ലഭ്യതയും ഏതെങ്കിലും ഫയലിൽ മുഖ്യമന്ത്രി ഇന്നലെ രാത്രി കണ്ടെടുത്തതാണോ ?വർഷങ്ങളായി സർക്കാരിന് മുന്നിലുള്ള ഈ വിവരങ്ങളും റെഗുലേറ്ററി കമ്മീഷൻ ഉത്തരവും മറച്ചുവെച്ച്, ജി.എൻ.എ എന്ന ട്രേഡർ പോലുമല്ലാത്ത പ്ലാറ്റ്‌ഫോമിന് മുന്നിൽ ഓച്ഛാനിച്ച് നിന്നത് ആർക്കുവേണ്ടിയായിരുന്നു?എന്തിനു വേണ്ടിയായിരുന്നു? ഉദ്യോഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിട്ട് കാര്യങ്ങൾ ആലോചിച്ചതും തീരുമാനിച്ചതുമെല്ലാം മുഖ്യമന്ത്രിയാണെന്നും, മുഖ്യമന്ത്രിക്കാണ് എല്ലാ കാര്യങ്ങളും അറിയാവുന്നതെന്നും വകുപ്പ് മന്ത്രി തന്നെ സ്ഥിരീകരിച്ചിരിക്കെ, ആർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഹസന അന്വേഷണം? ഇവിടെ അന്വേഷണം നേരിടേണ്ടത് താഴെയുള്ള ഉദ്യോഗസ്ഥരല്ല, സർക്കാരിനെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി ഈ ദുരൂഹ ഇടപാടുകൾക്ക് നേരിട്ട് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ്.

തനിക്ക് കിട്ടിയ ഫയലിൽ തീരുമാനമെടുക്കാൻ ‘വേണ്ട ആളുകളുമായിട്ടൊക്കെ ഡിസ്കസ് ചെയ്തു’ എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് സമ്മതിച്ചിരിക്കുകയാണ്. വകുപ്പ് മന്ത്രിയോ, ചീഫ് സെക്രട്ടറിയോ, പവർ സെക്രട്ടറിയോ പോലുമല്ലാതെ സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്രിക്കുന്ന ആ അദൃശ്യ നിഴൽസംഘം ആരാണ്? ഔദ്യോഗിക ഫയലിലെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പിലേക്ക് തിരികെ അയച്ച് നടപടിക്രമം പാലിക്കുന്നതിന് പകരം, റൂൾസ് ഓഫ് ബിസിനസ് ചവറ്റുകൊട്ടയിലെറിഞ്ഞ് പുറത്തുള്ള സംഘവുമായി ചർച്ച നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ്.

റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാതെ, നിയമപരമായ ടെൻഡറില്ലാതെ ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങാൻ എൽ.ഡി.എഫ് സർക്കാർ കരാറുണ്ടാക്കിയിട്ടില്ല. ഉണ്ടെന്ന് പറയാൻ മുഖ്യമന്ത്രിക്കാവുമോ? അങ്ങനെ ഒരൊറ്റ കരാറെങ്കിലും തെളിയിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. ജി.എൻ.എയുമായി കരാറുണ്ടാക്കി വൻ കൊള്ള നടത്താൻ പദ്ധതിയിട്ടത് പൊളിഞ്ഞപ്പോൾ, അതിന്റെ പഴി മുൻ എൽ.ഡി.എഫ് സർക്കാരിന്റെ മേൽ ചാരേണ്ടതില്ല.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് (2011–2016) ഡി.ബി.എഫ്.ഒ.ഒ (DBFOO) മാതൃകയിൽ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയ 865 മെഗാവാട്ടിന്റെ വിവാദ താപവൈദ്യുതി ദീർഘകാല കരാറുകൾ കടുത്ത സാമ്പത്തിക ബാധ്യതയും റെഗുലേറ്ററി തടസ്സങ്ങളും സൃഷ്ടിച്ചപ്പോൾ, ആഭ്യന്തര ഉൽപ്പാദന ശേഷിയിൽ (Installed Capacity) തുച്ഛമായ വർദ്ധനവ് മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായത്. എന്നാൽ എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്ത് പുതിയ പദ്ധതികളിലൂടെയും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൂടെയും കേരളത്തിന്റെ ഇൻസ്റ്റാൾഡ് കപ്പാസിറ്റിയിൽ കുതിച്ചുചാട്ടം സാധ്യമാക്കി. ഒപ്പം, സൗരോർജ്ജവും കാറ്റും ബാറ്ററിയും ഉൾപ്പെടെ യൂണിറ്റിന് 2 രൂപ 44 പൈസ മുതൽ 3 രൂപ 83 പൈസ വരെ കുറഞ്ഞ നിരക്കിലുള്ള ഹരിതോർജ്ജത്തിനും സി.ഇ.ആർ.സി മാനദണ്ഡപ്രകാരമുള്ള കൽക്കരി വൈദ്യുതിക്കുമായി ആകെ 2,122 മെഗാവാട്ടിന്റെ സുതാര്യമായ 12 ദീർഘകാല കരാറുകൾ (PPA) ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ ഭാവി ഊർജ്ജസുരക്ഷ അടിത്തറയിട്ടു ഭദ്രമാക്കുകയാണ് ചെയ്തത്.

സ്വന്തം മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഈ നിഗൂഢ നീക്കങ്ങളിലെയും അദൃശ്യ സംഘങ്ങളുടെ ഇടപെടലുകളിലെയും പൂർണ്ണ സത്യം പുറത്തുവരുന്നതുവരെ, മുഖ്യമന്ത്രിയുടെ പരിഹാസങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാതെ ശക്തമായ രാഷ്ട്രീയ പോരാട്ടവുമായി ഞങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടാകും.ഈ വിഷയത്തിൽ എല്ലാ വസ്തുതകളും നിയമത്തിനും ജനങ്ങൾക്കും മുന്നിൽ പുറത്തു വരാൻ ജുഡീഷ്യൽ അന്വേഷണം നടത്തിയേ തീരൂ.

BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026
BREAKING NEWS
മന്ത്രി അതൃപ്തിയിൽ, മുഖ്യമന്ത്രിയുമായി ഭിന്നത; സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്
11 Nov 2026