ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ നിർമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നോർത്ത്, സൗത്ത് ബ്ലോക്കുകളിലായി ‘യുഗ് യുഗീൻ ഭാരത്’ എന്ന പേരിൽ മ്യൂസിയം സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിക്കായി 3,230 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും ചരിത്രവും പ്രദർശിപ്പിക്കുന്നതാകും മ്യൂസിയമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നോർത്ത്, സൗത്ത് ബ്ലോക്കുകളിലെ സർക്കാർ ഓഫീസുകൾ നേരത്തെ പുതുതായി നിർമിച്ച സേവാ തീർഥിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ തുടർന്നും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു ലക്ഷത്തിലധികം ചതുരശ്ര മീറ്റർ വിസ്തൃതിയിലാകും യുഗ് യുഗീൻ ഭാരത് മ്യൂസിയം ഒരുക്കുക. ലോകത്തിലെ പ്രമുഖ മ്യൂസിയങ്ങളായ ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിന് 73,000 ചതുരശ്ര മീറ്ററും ബ്രിട്ടീഷ് മ്യൂസിയത്തിന് 70,000 ചതുരശ്ര മീറ്ററുമാണ് വിസ്തൃതി.
പ്രതിദിനം 30,000 സന്ദർശകരെയും വർഷം ഒരു കോടിയോളം സന്ദർശകരെയും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാകും മ്യൂസിയം സജ്ജീകരിക്കുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.