തിരുവനന്തപുരം: പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരീസ് സ്‌കൂളിലെ യു.കെ.ജി വിദ്യാർഥികളെക്കൊണ്ട് വിദ്വേഷ വരികളുള്ള ആംഗ്യപ്പാട്ട് അവതരിപ്പിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് രംഗത്തെത്തി. നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികളെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
വേഷം നോക്കിയല്ല ഭീകരതയെയും കൊലപാതകത്തെയും തിരിച്ചറിയേണ്ടതെന്നും ചെയ്ത കുറ്റവും അതിന്റെ പ്രത്യയശാസ്ത്രവുമാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും അറബി വേഷമല്ലായിരുന്നെന്നും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവർ സംഘപരിവാറാണെന്നും അദ്ദേഹം പോസ്റ്റിൽ ഓർമിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ രാഷ്ട്രീയ അധികാരത്തിനായി വർഗീയ കലാപങ്ങൾക്ക് തിരികൊളുത്തിയ സംഘപരിവാറിനെയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെക്കും, ഇന്ത്യയുടെ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചവർക്കും അറബി വേഷമായിരുന്നില്ല. ലോകത്ത് സമീപകാലത്ത് ഏറ്റവും കൂടുതൽ മനുഷ്യർ കൊലചെയ്യപ്പെട്ടത് ഫലസ്തീനിലാണെന്നും, പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കാൻ ഉത്തരവിട്ട ബിന്യമിൻ നെതന്യാഹുവിനോ ലോകത്ത് സമാധാനം നശിപ്പിച്ച് യുദ്ധങ്ങൾ ഉണ്ടാക്കുന്ന ഡൊണാൾഡ് ട്രംപിനോ അറബി വേഷവിധാനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ തിരുത്തുക പ്രയാസമാണെങ്കിലും, ആ വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് തന്ത്രപൂർവ്വം കടത്തിവിടുന്ന പ്രവണത വലിയ സാമൂഹിക വിപത്താണ്. വേഷം നോക്കിയല്ല കുറ്റവാളികളെ അളക്കേണ്ടതെന്നും, കുഞ്ഞുങ്ങൾക്ക് പകരേണ്ടത് വെറുപ്പല്ല, മറിച്ച് സ്നേഹമാണെന്നുമുള്ള സന്ദേശമാണ് നൽകേണ്ടതെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.