കാക്കനാട്: തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ ഒരു സ്കൂട്ടറിൽ യാത്രചെയ്തത് 5 വിദ്യാർഥികൾ ഒരുമിച്ച്. തൃക്കാക്കരയിലെ സ്വകാര്യ കോളജ് വിദ്യാർഥികളാണ് അഞ്ചുപേരൊരുമിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴയ്ക്കും പുറമേ 5 പേരുടെയും മാതാപിതാക്കൾ ബോധവൽക്കരണ ക്ലാസിൽ ഹാജരാകണമെന്നും മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം നിർദേശിച്ചു.
അഞ്ചുപേരേയും ഇന്നലെ ആർടി ഓഫിസിൽ വിളിച്ചു വരുത്തി. സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകി. രണ്ടിൽ കൂടുതൽ പേരെ സ്കൂട്ടറിൽ കയറ്റിയതിനു ഉടമ 1,000 രൂപയും ഹെൽമറ്റ് ധരിക്കാതിരുന്ന മൂന്നു പേർ 500 രൂപ വീതവും പിഴ അടയ്ക്കണം. കൂടാതെ രക്ഷിതാക്കൾക്കൊപ്പം 5 വിദ്യാർഥികളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും ആർ ഓഫിസ് നിർദേശിച്ചു.