മീററ്റ്: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ദീപാവലി രാത്രിയിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ രാഷ്ട്രപതി ഭവന്റെ സുരക്ഷാ വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള 26കാരന് വെടിയേറ്റു. തലയ്ക്ക് വെടിയേറ്റ സൗരഭ് തോമറിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തതായും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
ബാഗ്പത്തിലെ ഗോപാൽപൂർ ഖദാന സ്വദേശിയായ സൗരഭ് ദീപാവലി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം വീട്ടിലെത്തിയതായിരുന്നു. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് വെടിവയ്പുണ്ടായതെന്ന് ബാഗ്പത്ത് പോലീസ് പറഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പം റോഡിൽ പടക്കം പൊട്ടിക്കുകയായിരുന്ന സൗരഭിനെയും സഹോദരൻ 28കാരനായ വിനീതിനെയും അയൽവാസികളായ സഹോദരന്മാർ ധീരജും മോനുവും ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ ധീരജ് നാടൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വെടിയുണ്ട ആദ്യം സമീപത്തെ ചുമരിൽ തട്ടിയശേഷം സൗരഭിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു.
ഇതിനുപുറമെ വിനീതിനെ പ്രതികൾ മർദിക്കുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്. സംഭവത്തിനുശേഷം ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കുടുംബാംഗങ്ങൾ ഉടൻ സൗരഭിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി തലയിലുണ്ടായിരുന്ന വെടിയുണ്ട പുറത്തെടുത്തു. ധീരജിനും മോനുവിനുമെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സർക്കിൾ ഓഫീസർ അൻഷു ജെയിൻ പറഞ്ഞു.
സൗരഭിന്റെ പിതാവ് ജനക്‌രാജാണ് സംഭവത്തിൽ പരാതി നൽകിയത്. ദീപാവലിക്ക് മൂന്ന് ദിവസം മുമ്പാണ് സൗരഭ് വീട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സൗരഭും വിനീതും ചേർന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് പ്രതികൾ എത്തി ആക്രമണം നടത്തിയത്. പ്രതികൾക്ക് കുടുംബവുമായി നേരത്തേ മുതൽ ശത്രുതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഏഴ് വർഷമായി സൗരഭ് രാഷ്ട്രപതി ഭവനിൽ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്തുവരികയാണെന്നും പിതാവ് വ്യക്തമാക്കി. രണ്ടുവർഷം മുമ്പായിരുന്നു സൗരഭിന്റെ വിവാഹം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.