പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന് സിപിഎം നേതാവ് പി. ജയരാജൻ. കോൺഗ്രസിന്റെ കുറുവാ സംഘത്തെ അടിച്ചോടിക്കേണ്ട പൊലീസ് നോക്കി നിന്നുവെന്നും ജില്ലാ പഞ്ചായത്ത് അംഗം സ്റ്റേഷനിലെത്തി കുറ്റാരോപിതനെ ചീത്തവിളിച്ചുവെന്നും സിപിഎം നേതാവ് പി ജയരാജൻ. പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചു. കോൺഗ്രസുകാർക്കെതിരെ തക്കതായ വകുപ്പ് ചുമത്തി കേസെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വനിതാ നേതാവ് കുറ്റാരോപിതനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ജയരാജൻ പറഞ്ഞു. അടൂരിലെ ക്രമസമാധാനനില വഷളായാൽ അതിന്റെ ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊലീസ് കേസെടുത്തത് കണ്ടാൽ അറിയാവുന്നവർക്കെതിരെയാണെന്നും ‘കണ്ടാൽ അറിയാവുന്നവരല്ല അവർ, കൊണ്ടാലറിയാവുന്നവരാണ്’ എന്നും ജയരാജൻ പരിഹസിച്ചു.
ഒരു മുൻ എംഎൽഎയാണ് സംഭവങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകളിൽനിന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് ഇയാളെ കോൺഗ്രസ് നേതൃസ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. എന്നാൽ അടൂർ എംഎൽഎ ഓഫീസിൽനിന്ന് ഇപ്പോഴും ഉപദേശം തേടുന്നത് ഈ നേതാവിനോടാണെന്നും പി. ജയരാജൻ ആരോപിച്ചു.