തിരുവനന്തപുരം: ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. കല്ലിയൂർ തെറ്റിവിള അഭിലാഷ് ഭവനിൽ എസ്.എസ്. അഭിജിത്ത് (23) ആണ് പിടിയിലായത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ വച്ചായിരുന്നു അറസ്റ്റ്. ആംബുലൻസിൽ രോഗികളെ കൊണ്ടുപോകുന്ന ജോലിക്കൊപ്പം കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുനൽകിയിരുന്നതായി പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. രാവിലെ മുതൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് വൈകിട്ടോടെ പിടികൂടിയത്. ഫോർട്ട് എ.സി. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിജിത്തിനെ പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറിയത്.
കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്താലേ ഇടപാടുകളെക്കുറിച്ചും മറ്റും കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.