ജറുസലേം: ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റി പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്. ഇതിന്റെ ഭാഗമായി പ്രതിപക്ഷത്തെ നാല് പ്രമുഖ നേതാക്കളുമായി പാർലമെന്റിലെ പ്രധാന പദവികൾ സംബന്ധിച്ച് അദ്ദേഹം ധാരണയിലെത്തി. നഫ്താലി ബെന്നറ്റ്, യായർ ഗോലാൻ, അവിഗ്ദോർ ലിബർമാൻ, യായർ ലാപിഡ് എന്നിവരുമായാണ് ഐസൻകോട് ധാരണയിലെത്തിയത്. പുതിയ പാർലമെന്റായ 26-ാമത് നെസറ്റിന്റെ സ്പീക്കർ സ്ഥാനത്തേക്ക് മുൻ മന്ത്രിയായ മതൻ കഹാനയെ നിർദേശിക്കാനും നേതാക്കൾ തീരുമാനിച്ചു.
പുതിയ സർക്കാർ എത്രയും വേഗം രൂപീകരിക്കുമെന്ന് ഐസൻകോട് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പുതിയ പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ ദേശീയ അടിയന്തരാവസ്ഥാ സർക്കാർ എത്രയും വേഗം രൂപീകരിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.
26-ാമത് നെസറ്റിലെ പ്രധാന സ്ഥാനങ്ങളിലേക്ക് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനാണ് പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തിയതെന്ന് ഐസൻകോട് എക്സിലൂടെ അറിയിച്ചു. മാറ്റത്തിനും പരിഷ്കരണത്തിനും വേണ്ടി നിലകൊള്ളുന്ന പാർട്ടികളുടെ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റിലെ മൂന്ന് പ്രധാന സമിതികളുടെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള പേരുകളും ധാരണയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൗസ് കമ്മിറ്റിയുടെ അധ്യക്ഷനായി റോയ് ഫോക്മാനെ നിർദേശിച്ചു. മുൻ പ്രതിരോധ മന്ത്രിയായ അവിഗ്ദോർ ലിബർമാനെ വിദേശകാര്യ-പ്രതിരോധ സമിതിയുടെ അധ്യക്ഷനാക്കാനാണ് തീരുമാനം. ധനകാര്യ സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ലിറാൻ അവിസാർ ബെൻ-ഹോറിനെയും നിർദേശിച്ചിട്ടുണ്ട്.
അതുപോലെ സമിതികളുടെ അംഗഘടന സംബന്ധിച്ച ചർച്ചകൾ ഈ ആഴ്ച നടക്കും. അന്തിമ പട്ടിക അടുത്ത ബുധനാഴ്ച അംഗീകാരത്തിനായി പാർലമെന്റിന്റെ പൊതുസമ്മേളനത്തിൽ സമർപ്പിക്കും. പ്രത്യേക സമിതികൾ രൂപീകരിക്കാനും നേതാക്കൾ ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ ഇവയുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഐസൻകോട് അറിയിച്ചു. പുതിയ പാർലമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ദേശീയ അടിയന്തരാവസ്ഥാ സർക്കാർ രൂപീകരിക്കുന്നതിനുമായി ഐസൻകോടുമായി ചർച്ച നടത്തിയതായി യായർ ലാപിഡും എക്സിലൂടെ സ്ഥിരീകരിച്ചു.
സർക്കാർ രൂപീകരിക്കാൻ 28 ദിവസം
അതേസമയം നവംബർ എട്ടിനാണ് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അടുത്ത സർക്കാർ രൂപീകരിക്കാനുള്ള ആദ്യ അവസരം ഗാഡി ഐസൻകോടിന് നൽകിയത്. ഒക്ടോബർ 27-ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഐസൻകോടിന്റെ സഖ്യത്തിനോ നെതന്യാഹുവിന്റെ മുന്നണിക്കോ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടർന്നായിരുന്നു തീരുമാനം.
പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 67 പാർലമെന്റ് അംഗങ്ങൾ ഐസൻകോടിനെ പിന്തുണച്ച് ശുപാർശ നൽകി. നെതന്യാഹുവിന് 46 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. ശേഷിക്കുന്ന ഏഴ് അംഗങ്ങളുള്ള പാർട്ടി ഇരുവരെയും പിന്തുണയ്ക്കാൻ ശുപാർശ നൽകിയില്ല. ഐസൻകോടിന് പിന്തുണ പ്രഖ്യാപിച്ച 67 പേരിൽ രണ്ട് അറബ് പാർട്ടികളിലെ അംഗങ്ങളും ഉൾപ്പെടുന്നു.
ഇസ്രയേലിന്റെ അടിസ്ഥാന നിയമമായ ‘ദി ഗവൺമെന്റ്’ പ്രകാരം സർക്കാർ രൂപീകരിക്കാൻ ഐസൻകോടിന് 28 ദിവസത്തെ സമയമാണ് ലഭിക്കുക. ആവശ്യമെങ്കിൽ പ്രസിഡന്റ് ഹെർസോഗിന് ഈ കാലാവധി 14 ദിവസം കൂടി നീട്ടിനൽകാം. എന്നാൽ സർക്കാർ രൂപീകരണത്തിനുള്ള ചുമതല ലഭിച്ചതുകൊണ്ടുമാത്രം ഐസൻകോട് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പില്ല.
ഐസൻകോടിന്റെ സ്വന്തം പാർട്ടിയായ യഷാർ ഉൾപ്പെടുന്ന നാല് പാർട്ടികളുടെ സഖ്യത്തിന് നെസറ്റിൽ ആകെ 48 സീറ്റുകളാണുള്ളത്. 21 സീറ്റുകളുള്ള യഷാർ സഖ്യത്തിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ്. അതേസമയം, നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 27 സീറ്റുകളുണ്ട്. ഒറ്റ പാർട്ടിയെന്ന നിലയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിരിക്കുന്നത് ലിക്കുഡാണ്. നെതന്യാഹുവിന്റെ വിശാലമായ മത-ദേശീയവാദ സഖ്യത്തിന് ആകെ 53 സീറ്റുകളുമുണ്ട്. 120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ കുറഞ്ഞത് 61 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അതിനാൽ നിലവിലെ സഖ്യത്തിന് പുറത്തുള്ള പാർട്ടികളുടെ പിന്തുണ കൂടി ഐസൻകോടിന് ഉറപ്പാക്കേണ്ടിവരും.
അറബ് പാർട്ടികളുടെ പിന്തുണ നിർണായകം
സർക്കാർ രൂപീകരണത്തിൽ ഇസ്രയേലിലെ അറബ് വംശജരായ പാർലമെന്റ് അംഗങ്ങളുടെ പിന്തുണ നിർണായകമായേക്കും. ഐസൻകോടിനെ പിന്തുണച്ച് ശുപാർശ നൽകിയ രണ്ട് അറബ് നേതൃത്വത്തിലുള്ള പാർട്ടികൾ ഇത്തവണ റെക്കോർഡ് സീറ്റുകളാണ് നേടിയത്. നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ നിലപാടുകളുള്ള സർക്കാരിനെതിരെ ഇസ്രയേലിലെ അറബ് ന്യൂനപക്ഷങ്ങൾക്കിടയിൽ നിലനിന്ന പ്രതിഷേധവും ഈ മുന്നേറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
വിപുലമായ പങ്കാളിത്തത്തോടെ ഒരു ദേശീയ അടിയന്തരാവസ്ഥാ സർക്കാർ രൂപീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഐസൻകോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പരമ്പരാഗത രാഷ്ട്രീയ രീതികളിൽനിന്ന് വ്യത്യസ്തമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘നമ്മൾ ഒരു ദേശീയ അടിയന്തരാവസ്ഥാ സർക്കാർ രൂപീകരിക്കണം. അതിനായി ക്രിയാത്മകവും അസാധാരണവുമായ രാഷ്ട്രീയ നീക്കങ്ങൾ ആവശ്യമായി വരും’ എന്നായിരുന്നു നവംബർ എട്ടിന് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം, പുതിയ സർക്കാർ രൂപീകരിക്കപ്പെടാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച ഇസ്രയേൽ പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പൊതുതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ നെതന്യാഹുവിന് അധികാരം നിലനിർത്താനുള്ള സാഹചര്യം ദുർബലമായെങ്കിലും എതിരാളികളായ പ്രതിപക്ഷത്തിന് സർക്കാർ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതോടെ ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണം നിർണായക രാഷ്ട്രീയ നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്.