BREAKING NEWS

‘ ഗോമൂത്ര ചായ’ കുടിക്കുന്നവർ, വൃത്തിയില്ലാത്ത കിടപ്പാടങ്ങൾ…’ കൈയ്യിൽ രണ്ട് സ്മാർട്ട്‌ഫോണുകളുകളുമായി 150-ലേറെ ചൈനീസ് വ്‌ളോഗർമാർ; ധാക്കയിലെ ചേരിപ്രദേശങ്ങൾ ചിത്രീകരിച്ച് ഡൽഹിയെന്ന് പറഞ്ഞ് ലൈവ് സ്ട്രീമിങ്ങ്; വീടുകളിൽ അനുവാദമില്ലാതെ കയറി ചിത്രീകരണം, വീഡിയോ

· · 1 min read
Share: Copied!

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ പിന്നാക്ക പ്രദേശങ്ങൾ ചിത്രീകരിച്ച് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയാണെന്ന് തെറ്റായി വിശേഷിപ്പിച്ച് ചൈനീസ് വ്‌ളോഗർമാർ. ധാക്കയിലെ ചേരിപ്രദേശങ്ങളിൽനിന്ന് 150-ലേറെ ചൈനീസ് പൗരന്മാർ ഇത്തരത്തിൽ ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ടെന്ന് ബംഗ്ലാദേശി പത്രമായ പ്രഥം ആലോയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. ബംഗ്ലാദേശിലെ സാധാരണ ജീവിതദൃശ്യങ്ങൾ ഇന്ത്യയിലേതെന്ന രീതിയിൽ അവതരിപ്പിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

രണ്ട് സ്മാർട്ട്‌ഫോണുകളുമായാണ് ഓരോരുത്തരും ചിത്രീകരണത്തിനെത്തുന്നത്. ഒരു ഫോൺ ലൈവ് സ്ട്രീമിങ്ങിനും മറ്റൊന്ന് സംപ്രേഷണത്തിനിടെ പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയിൽനിന്ന് വായിക്കാനുമാണ് ഉപയോഗിക്കുന്നത്. പുലർച്ചെ മുതൽ രാത്രി വൈകുംവരെ ഇവർ സംപ്രേഷണം നടത്തുന്നു. ധാക്കയുടെ വടക്കുഭാഗത്തുള്ള ഉത്തറയിലെ സെക്ടർ 12, ടെക്പാറ എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരണം. കനാലിനോട് ചേർന്നുള്ള ജനസാന്ദ്രതയേറിയ ഈ പ്രദേശങ്ങളിൽ കുറഞ്ഞ വരുമാനക്കാരാണ് കൂടുതലായി താമസിക്കുന്നത്. ടിൻ ഷീറ്റുകൾകൊണ്ട് നിർമിച്ച വീടുകളാണ് ഇവിടെയുള്ളത്.

പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ദൃശ്യങ്ങൾ പകർത്താൻ നാട്ടുകാരെയും ഇവർ പണം നൽകി വഴികാട്ടികളായി നിയോഗിക്കുന്നുണ്ട്. ഒരാൾക്ക് പ്രതിദിനം 700 മുതൽ 800 വരെ ബംഗ്ലാദേശി ടാക്കയാണ് നൽകുന്നത്. ഇന്ത്യൻ രൂപയിൽ ഏകദേശം 525 മുതൽ 600 രൂപവരെയാണിത്. പ്രഥം ആലോയോട് സംസാരിക്കാൻ മിക്ക ചൈനീസ് പൗരന്മാരും തയ്യാറായില്ല. ചിലർ പേര്, ദേശീയത തുടങ്ങിയ വിവരങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്.

വഴികാട്ടിയുടെ നിർബന്ധത്തെത്തുടർന്ന് ഫാങ്യു എന്ന ചൈനീസ് പൗരൻ ലൈവ് സ്ട്രീമിങ്ങിനെക്കുറിച്ച് പ്രതികരിച്ചു. ഉത്പന്നങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതെന്നാണ് ഇയാൾ പറഞ്ഞത്. ചൈനീസ് പ്ലാറ്റ്‌ഫോമുകളായ വീചാറ്റ്, ഡൗയിൻ എന്നിവയിലൂടെയാണ് സംപ്രേഷണം. ചൈനയിൽ ഉപയോഗിക്കുന്ന ടിക്‌ടോക്കിന്റെ പതിപ്പാണ് ഡൗയിൻ.

ലൈവ് സ്ട്രീമിങ്ങിനിടെ വ്‌ളോഗർമാർ പറയുന്ന കാര്യങ്ങൾ ഗൂഗിൾ പരിഭാഷയിലൂടെ പരിശോധിച്ചപ്പോഴാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി വ്യക്തമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് ഭാഷ അറിയാവുന്ന നാല് ബംഗ്ലാദേശി പൗരന്മാരും പരിഭാഷകൾ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. മിയാൻമിയാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ചൈനീസ് യുവതി ടിൻ ഷീറ്റുകൾകൊണ്ടുള്ള വീടുകൾ കാണിച്ചുകൊണ്ട് ഇത് ഡൽഹിയാണെന്ന് പ്രേക്ഷകരോട് പറഞ്ഞു. പ്രദേശത്തെ വീടുകൾ അങ്ങേയറ്റം വൃത്തിഹീനമാണെന്നും ക്രമസമാധാനനില മോശമാണെന്നും യുവതി അവകാശപ്പെട്ടു.

ചായക്കടകൾക്ക് സമീപമുള്ള പാലത്തിൽനിന്ന് വാങ് വെയ് എന്ന മറ്റൊരു ചൈനീസ് പൗരൻ നടത്തിയ സംപ്രേഷണവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മലിനമായ നദീജലം ഉപയോഗിച്ച് തയ്യാറാക്കിയ ‘ഗോമൂത്ര ചായ’യാണ് പ്രദേശവാസികൾ കുടിക്കുന്നതെന്ന് ഇയാൾ പ്രേക്ഷകരോട് പറഞ്ഞു. തങ്ങൾ ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിച്ച് ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ചൈനീസ് സ്ത്രീകളാണെന്നും ചിലർ അവകാശപ്പെട്ടിരുന്നു. കെട്ടിടങ്ങളുടെ ചുവരുകളിൽ കാണുന്ന ചൈനീസ് എയർ കണ്ടീഷണർ ബ്രാൻഡുകളുടെ പരസ്യവും ഇവർ സംപ്രേഷണത്തിനിടെ നടത്തുന്നുണ്ട്.

തുടർച്ചയായ ചിത്രീകരണവും ലൈവ് സ്ട്രീമിങ്ങും പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സ്വകാര്യത ലംഘിക്കുന്നതാണ് ഇവരുടെ പ്രവർത്തനമെന്നാണ് നാട്ടുകാരുടെ പരാതി. അനുവാദമില്ലാതെ വീടുകളിൽ കയറിച്ചെന്ന് ദൃശ്യങ്ങൾ പകർത്തുന്നതായും ചില സന്ദർഭങ്ങളിൽ കുളിമുറിക്കുള്ളിലെ ദൃശ്യങ്ങൾപോലും ചിത്രീകരിക്കുന്നതായും പ്രദേശവാസികൾ പ്രഥം ആലോയോട് പറഞ്ഞു.

ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ ക്ഷമാപണം നടത്തി മടങ്ങുന്ന വ്‌ളോഗർമാർ പിന്നീട് വീണ്ടും അതേ വീടുകളിലെത്തുന്നതായും പരാതിയുണ്ട്. മാസങ്ങളായി പരാതികൾ ഉയരുന്നുണ്ടെങ്കിലും പോലീസ് ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഭാഷാപ്രശ്‌നം കാരണം നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഉത്തറ വെസ്റ്റ് പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ മുഹമ്മദ് ഖാലിദ് മൻസൂർ പ്രഥം ആലോയോട് പറഞ്ഞു. ചിത്രീകരണത്തെക്കുറിച്ച് പോലീസിന് അറിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
മദ്യലഹരിയിൽ അഴിഞ്ഞാടി; പിടികൂടിയ പോലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതി; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം
10 Nov 2026
BREAKING NEWS
നാടകം കളിച്ചതിനാണ് ഞങ്ങൾക്കെതിരെ കേസ്, ഒരേ വിഷയത്തിൽ തന്നെ രണ്ടു കേസുകൾ എടുത്തത് വിചിത്ര നടപടി, പരിക്ഷ എഴുതേണ്ട എല്ലാവർക്കും സസ്പെൻഷന് മുൻപ് 60% വരെ ഹാജരുണ്ട്, ബാക്കി 15% മാപ്പപേക്ഷ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു, കോളേജിൽ കയറാൻ അനുവദിച്ചിരുന്നില്ല- റിട്ട് ഹർജിയിൽ വിദ്യാർഥികൾ, ഹാജർ നില കോടതി പരിശോ...
10 Nov 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോ​ഗിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്നു; കുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ
10 Nov 2026
BREAKING NEWS
ട്രെയിനിൽ യാത്രക്കാരിക്കു നേരെ ലൈം​ഗികാതിക്രമം; സഹയാത്രക്കാർ ഇടപെട്ടതോടെ പിന്തിരിഞ്ഞു; സ്റ്റേഷനിലിറങ്ങിയപ്പോൾ പിന്തുടർന്ന് വീണ്ടും അതിക്രമം; ചോദ്യം ചെയ്തതോടെ യുവതിയെ അടിച്ചു വീഴ്ത്തി പ്രതി ; ചുറ്റുംകൂടിയവർ പിടികൂടി ‍പോലീസിലേൽപ്പിച്ചു
10 Nov 2026