ചെന്നൈ: ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യലഹരിയിൽ രാത്രിയിൽ വസതിയിലെത്തിയെന്നും പരാതിയുയർന്നതോടെ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ അരുൾ വിഗ്നേഷ് വിവാദത്തിൽ. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. വിവാദം പാർട്ടിക്കും നാണക്കേടായതോടെ എംഎൽഎമാരെ അടിയന്തര യോഗത്തിന് വിളിപ്പിച്ച് പാർട്ടി അധ്യക്ഷൻ വിജയ്.
ജില്ലാ കളക്ടറുടെ കുടുംബമാണ് ടിവികെ നേതാവും മന്ത്രിയുമായ ബുസി ആനന്ദിനെ നേരിട്ട് പരാതി അറിയിച്ചതെന്നാണ് വിവരം. പരാതിയുടെ പശ്ചാത്തലത്തിൽ അരുൾ വിഗ്നേഷിന് പാർട്ടി നേതൃത്വം താക്കീത് നൽകിയതായും ടിവികെയുടെ അച്ചടക്ക സമിതി വിഷയം പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ജില്ലയിലെ ശക്തനായ ഡിഎംകെ എംഎൽഎയാണെന്നാണ് അരുൾ വിഗ്നേഷിന്റെ ആരോപണം. വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത ഡിഎംകെ, ടിവികെ എംഎൽഎയ്ക്കെതിരെ വിമർശനം ശക്തമാക്കി. ജില്ലാ കളക്ടർമാർക്ക് പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന വിമർശനവുമായി ഡിഎംകെ നേതാവ് കനിമൊഴിയും എക്സിൽ കുറിപ്പുപങ്കുവച്ചു.
സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ് കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. പാർട്ടി എംഎൽഎമാരുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം എല്ലാവരെയും ചെന്നൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് അടിയന്തര യോഗം ചേർന്ന് എംഎൽഎമാർക്ക് കർശന മുന്നറിയിപ്പ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയുടെ അച്ചടക്കവും പൊതുജനങ്ങൾക്കിടയിലെ പ്രതിച്ഛായയും സംബന്ധിച്ച് യോഗത്തിൽ നിർണായക നിർദേശങ്ങളുണ്ടായേക്കും.
ഇതിനിടെ, ഡെപ്യൂട്ടി സ്പീക്കർ പരാതിക്കാരനെ മർദിച്ച സംഭവവും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തുടർച്ചയായി ഉയരുന്ന വിവാദങ്ങളിൽ വിജയ് അസ്വസ്ഥനാണെന്നും എംഎൽഎമാരുടെ പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും കർശന നിയന്ത്രണം കൊണ്ടുവരാനാണ് നീക്കമെന്നുമാണ് റിപ്പോർട്ടുകൾ.