ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനു പിന്നാലെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി. ഞായറാഴ്ച രാത്രി വ്യാപകമായി പടക്കം പൊട്ടിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ വായുനിലവാര സൂചിക (എക്യുഐ) 376 ആയി ഉയർന്നു. ഇത് ‘വളരെ മോശം’ വിഭാഗത്തിലാണ്. രാവിലെ പത്തോടെ സൂചിക നേരിയ തോതിൽ കുറഞ്ഞ് 371 ആയി.
തിങ്കളാഴ്ച രാവിലെ ഡൽഹിയുടെ മിക്ക ഭാഗങ്ങളും പുകയും മൂടൽമഞ്ഞും നിറഞ്ഞ നിലയിലായിരുന്നു. 2021-നുശേഷം ദീപാവലി ദിനത്തിലെ ഏറ്റവും മോശം വായുനിലവാരമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ദീപാവലി ദിനമായ ഞായറാഴ്ച എക്യുഐ 376 ആയിരുന്നു. 2021-ൽ ഇത് 382 ആയിരുന്നു. കഴിഞ്ഞ വർഷം 345 പോയിന്റായിരുന്നു രേഖപ്പെടുത്തിയത്.
ഡൽഹിയിലെ 51 നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം 14 ഇടങ്ങളിൽ വായുനിലവാരം ‘ഗുരുതര’ വിഭാഗത്തിലാണ്. 33 ഇടങ്ങളിൽ ‘വളരെ മോശം’ വിഭാഗത്തിലും നാലിടങ്ങളിൽ ‘മോശം’ വിഭാഗത്തിലുമാണ് വായുനിലവാരം. ഡൽഹി സാങ്കേതിക സർവകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഏറ്റവും ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയത്. ഇവിടെ എക്യുഐ 439 ആയിരുന്നു.
വായുമലിനീകരണത്തെത്തുടർന്ന് ഡൽഹിയിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെല്ലാം രാവിലെ കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞു. പടക്കങ്ങളിൽനിന്നുള്ള പുക അന്തരീക്ഷത്തിൽ വ്യാപിച്ചതോടെ വിമാന സർവീസുകളെയും ബാധിച്ചു. 26 വിമാന സർവീസുകൾക്ക് തടസമുണ്ടായി.
റൺവേ കാണാൻ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന് 11 വിമാനങ്ങൾ ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്നു. ഒരു വിമാനം ബെംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.