തിരുവനന്തപുരം: ജി.എൻ.എ. വഴി തൽക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണെന്നും ഏത് വകുപ്പിലും ആവശ്യാനുസരണം ഇടപെടാൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന നിർബന്ധമൊന്നുമില്ല. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിളിച്ചാൽ ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ തെറ്റില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥരെ വിളിച്ച് വിവരങ്ങൾ തേടാമെന്നും മന്ത്രി വ്യക്തമാക്കി.
ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലയളവിൽ ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി ലഭിച്ചാൽ പ്രതിസന്ധിയുണ്ടാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഫയൽ നീക്കിയത്. ഒക്ടോബറിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സാധിച്ചത് ഹിമാചലിൽനിന്ന് വൈദ്യുതി ലഭിച്ചതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, കെ.എസ്.ഇ.ബി. നൽകിയ തെറ്റായ വ്യാഖ്യാനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.