തിരുവനന്തപുരം: മാതാപിതാക്കളെ ഉപേക്ഷിക്കുകയോ വീട്ടിൽനിന്ന് ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുതിർന്ന പൗരന്മാരുടെ സംരക്ഷണം സാമൂഹിക സംസ്കാരമായി വളർത്തിയെടുക്കണം. സർക്കാരിന് മാത്രമായി ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും എൻ.ജി.ഒകളും മറ്റ് ഏജൻസികളും ഇതിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസണുമായി 12 സ്ഥാപനങ്ങളാണ് ധാരണാപത്രം ഒപ്പുവച്ചത്.
മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എൻ.ജി.ഒകളെയും ഏകോപിപ്പിച്ച് സമഗ്ര പദ്ധതികൾ നടപ്പാക്കും. ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുള്ള മുതിർന്ന പൗരന്മാർ, അവരുടെ മാനസികാരോഗ്യം, രോഗബാധിതർ തുടങ്ങിയവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കും. ഈ വിവരങ്ങൾ കാലാനുസൃതമായി പുതുക്കുകയും ചെയ്യും. കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നതോടെ പുതിയ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യുന്നത് എളുപ്പമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്ന പൗരന്മാർക്ക് ഫലപ്രദമായ പരിചരണം ഉറപ്പാക്കുന്നതിനായി ‘കെയർ ഗീവേഴ്സ്’ കോഴ്സിന്റെ സിലബസ് തയ്യാറാക്കിവരികയാണ്. ജർമനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സിലബസുകൾ പഠിച്ച് കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായ രീതിയിലാണ് കോഴ്സ് രൂപപ്പെടുത്തുന്നത്. നഴ്സിങ്ങിന് തൊട്ടുതാഴെയുള്ള തലത്തിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രായോഗിക കോഴ്സായിരിക്കും ഇത്.
സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, സി.എസ്.ആർ ഫണ്ടുകൾ എന്നിവയുടെ സഹകരണത്തോടെ കെയർ ഗീവേഴ്സിനെ നിയമിക്കും. പ്ലസ് ടു വിദ്യാർഥികളെ ഉൾപ്പെടുത്തി വോളണ്ടിയർ കോറും രൂപീകരിക്കും. വിദ്യാർഥികൾ മുതിർന്ന പൗരന്മാരെ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തുന്നത് അവരുടെ ഏകാന്തത കുറയ്ക്കാനും ജീവിതത്തിൽ പ്രതീക്ഷ വർധിപ്പിക്കാനും സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിചരണത്തോടൊപ്പം സിൽവർ ഇക്കോണമിക്ക് പ്രാധാന്യം നൽകാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വിരമിച്ച വ്യക്തികളുടെ അനുഭവസമ്പത്തും അറിവും പുതിയ സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കും മെന്ററിങ്ങിനായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന പൗരന്മാരുടെ ക്ഷേമരംഗത്ത് അക്കാദമിക, ഗവേഷണ, സാങ്കേതിക, സ്ഥാപനതല സഹകരണം ഉറപ്പാക്കുന്നതിനാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 12 സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചത്. സജീവവും ആരോഗ്യകരവുമായ വാർധക്യം, സമൂഹാധിഷ്ഠിത പരിചരണവും സ്വതന്ത്ര ജീവിതവും, സിൽവർ ഇക്കോണമിയും കെയർ ഇക്കോണമിയും, ഗവേഷണവും വിവരാധിഷ്ഠിത നയരൂപീകരണവും, സാർവത്രിക സാമൂഹിക സുരക്ഷയും അവകാശങ്ങളും എന്നീ അഞ്ച് മേഖലകളിലാണ് സ്ഥാപനങ്ങൾ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുക.
മുതിർന്ന പൗരന്മാർക്കായുള്ള സംസ്ഥാന നയവും കർമപദ്ധതിയും സംബന്ധിച്ച ഏകദിന ശിൽപശാലയും ഇതോടനുബന്ധിച്ച് നടന്നു. വിവിധ സർക്കാർ വകുപ്പുകളും സ്ഥാപന പ്രതിനിധികളും പങ്കെടുത്തു. ശിൽപശാലയ്ക്കുശേഷം പ്രതിനിധികൾ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയുമായി വകുപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഡിപ്പാർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസൺ സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ഡയറക്ടർ ഡോ. അരുൺ എസ്. നായർ എന്നിവരും പങ്കെടുത്തു.
ഇംഹാൻസ്, ഡിമെൻഷ്യ ഇന്ത്യ അലയൻസ്, പബ്ലിക് ഹെൽത്ത് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്, ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, സ്വസ്തി ദ ഹെൽത്ത് കാറ്റലിസ്റ്റ്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്, സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ്, ഭാരത മാതാ എക്സ്റ്റൻഷൻ ഫോർ ഓർഗാനിക് റിസർച്ച് ആൻഡ് എൻവയോൺമെന്റ്, നുവാൽസ് എന്നിവയാണ് ധാരണാപത്രം ഒപ്പുവച്ച സ്ഥാപനങ്ങൾ.