വാഷിങ്ടൺ: ഇറാനിലേക്കുള്ള കരമാർഗങ്ങളിലൂടെയുള്ള ആയുധക്കടത്തും മറ്റ് നിയമവിരുദ്ധ ചരക്കുനീക്കങ്ങളും തടയുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ അമേരിക്ക. ഇതിനായി 20 അംഗ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തിന് പുറമെ കരമാർഗങ്ങളിലേക്കും നിയന്ത്രണങ്ങൾ വ്യാപിപ്പിക്കാനാണ് നീക്കം.
അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള എട്ട് മാസം നീണ്ടുനിൽക്കുന്ന യുദ്ധത്തിനിടെയാണ് പുതിയ തീരുമാനം. ആഗോള വ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആഗോള ഊർജ വിതരണത്തെ യുദ്ധം സാരമായി ബാധിച്ചിരിക്കുകയാണ്.
ഇറാനിലേക്കുള്ള കരമാർഗങ്ങളിലൂടെ ആയുധങ്ങളും മറ്റ് നിരോധിത വസ്തുക്കളും എത്തുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയാണ് പുതിയ ദൗത്യസംഘത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി ബ്രാഡ് കൂപ്പർ വ്യക്തമാക്കി. ശനിയാഴ്ച എക്സിൽ പങ്കുവെച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ഭീകരവാദത്തിന് ധനസഹായം നൽകാനും ആയുധ നിർമാണശാലകൾ പുനർനിർമിക്കാനും സൈനിക ശേഖരം വീണ്ടും നിറയ്ക്കാനുമുള്ള ഇറാന്റെ ശേഷി കൂടുതൽ പരിമിതപ്പെടുത്താൻ പുതിയ ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ സഹായിക്കും’ എന്നാണ് ബ്രാഡ് കൂപ്പർ വ്യക്തമാക്കിയത്.
സൈനികരും സിവിലിയൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് 20 അംഗ സംഘം. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘം വിവിധ അമേരിക്കൻ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചായിരിക്കും നടപടികൾ നടപ്പാക്കുക. അത്യാധുനിക ആയുധ സംവിധാനങ്ങൾ, സൈനിക ആവശ്യങ്ങൾക്കും സാധാരണ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകൾ, ഉപരോധം ഏർപ്പെടുത്തിയ വസ്തുക്കൾ, നിയമവിരുദ്ധ വരുമാന സ്രോതസ്സുകൾ എന്നിവ ഇറാന്റെ കരാതിർത്തികളിലൂടെയും കാസ്പിയൻ കടൽ വഴിയും കടന്നുപോകുന്നത് തടയുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഇറാന്റെ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ ഇറാൻ ശ്രമിച്ചതിന് മറുപടിയായാണ് അമേരിക്കയുടെ നടപടി. ലോകത്തെ മൊത്തം എണ്ണവ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് സാധാരണയായി കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഈ പാതയിലെ നിയന്ത്രണങ്ങൾ ആഗോള എണ്ണവിതരണത്തെയും ഊർജ വിപണിയെയും ബാധിച്ചിട്ടുണ്ട്.
അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ കണക്കനുസരിച്ച്, ഇറാന്റെ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ നാവിക ഉപരോധത്തെ തുടർന്ന് ഏകദേശം 25 ബില്യൺ ഡോളറിന്റെ ഇറാനിയൻ അസംസ്കൃത എണ്ണ കയറ്റുമതി തടസ്സപ്പെട്ടിട്ടുണ്ട്. നാവിക ഉപരോധത്തിന് പുറമെ കരാതിർത്തികളിലൂടെയും കാസ്പിയൻ കടൽ വഴിയുമുള്ള ചരക്കുനീക്കം നിയന്ത്രിക്കാനുള്ള പുതിയ നീക്കം ഇറാന്റെ വ്യാപാര-സൈനിക വിതരണ ശൃംഖലകൾക്ക് കൂടുതൽ സമ്മർദമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.