പുണെ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 44കാരനായ സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന ശേഷം മൃതദേഹത്തിന്റെ ഇരുകാലുകളും വെട്ടിമാറ്റി മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചതായി പരാതി. സംഭവത്തിൽ പിന്റ്യ എന്ന വിഷ്ണു തനാജി കുംഭാർ (44) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് അനിൽ ഖാഡെ എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. ശനിയാഴ്ചയാണ് പോലീസ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
പുണെയിലെ പിംപ്ലെ ഗുരവ് മേഖലയിലാണ് വെള്ളിയാഴ്ച ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശത്തെ ശ്രീനഗർ ലെയ്ൻ മൂന്നിലെ റോഡരികിലുള്ള മാലിന്യക്കൂമ്പാരത്തിൽനിന്ന് പ്ലാസ്റ്റിക് ചാക്കിനുള്ളിൽ മനുഷ്യന്റെ രണ്ട് കാലുകൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മാലിന്യം നീക്കം ചെയ്യാനെത്തിയ നഗരസഭാ ജീവനക്കാരാണ് ചാക്കിനുള്ളിൽ കാലുകൾ കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസിനെ വിവരമറിയിച്ചു.
സാംഗ്വി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ജിതേന്ദ്ര കോലിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചാക്ക് പരിശോധിച്ചപ്പോൾ ഒരു സിം കാർഡിന്റെ പിൻഭാഗം കണ്ടെത്തി. അതിൽ രേഖപ്പെടുത്തിയിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. നമ്പർ ഒരു കരാറുകാരന്റേതാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ തന്റെ ജീവനക്കാരനായ അനിൽ ഖാഡെയ്ക്ക് സിം കാർഡ് നൽകിയതാണെന്ന് മൊഴി നൽകി. തുടർന്ന് ഖാഡെയുടെ ഭാര്യയെയും മകനെയും പൊലീസ് ചോദ്യം ചെയ്തു.
കഴിഞ്ഞ രണ്ട് വർഷമായി ഖാഡെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നില്ലെന്ന് ഇവർ അറിയിച്ചു. മകന്റെ മൊബൈൽ ഫോണിലുണ്ടായിരുന്ന ഖാഡെയുടെ ഫോട്ടോ പരിശോധിച്ചാണ് മാലിന്യക്കൂമ്പാരത്തിൽനിന്ന് കണ്ടെത്തിയ കാലുകൾ ഇയാളുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
തുടർന്നുള്ള അന്വേഷണത്തിൽ ഖാഡെ താമസിച്ചിരുന്നത് വിഷ്ണു തനാജി കുംഭാറിനൊപ്പമാണെന്ന് വ്യക്തമായി. ഇതോടെ പൊലീസ് കുംഭാറിന്റെ വീട്ടിലെത്തി. വീടിനുള്ളിൽനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൂട്ടു തകർത്ത് അകത്തുകയറി പരിശോധിച്ചു. ഇവിടെ നിന്നും ഇരുകാലുകളും വെട്ടിമാറ്റിയ നിലയിൽ ഖാഡെയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും ഗുരുതരമായ പരിക്കുണ്ടായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായ കുംഭാറിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും സ്ഥിരമായി മദ്യപിക്കുന്നവരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ കുംഭാർ ബേസ്ബോൾ ബാറ്റുകൊണ്ട് ഖാഡെയുടെ തലയിൽ ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റാണ് ഖാഡെ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ കുംഭാർ അരിവാൾ ഉപയോഗിച്ച് ഖാഡെയുടെ ഇരുകാലുകളും വെട്ടിമാറ്റി. പിന്നീട് ഇവ പ്ലാസ്റ്റിക് ചാക്കിലാക്കി റോഡരികിലെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.