പശ്ചിമ ബംഗാൾ: ഹൂഗ്ലി ജില്ലയിൽ നഴ്‌സിങ് ഹോമിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം 16 കാരി നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞതായി ആരോപണം. സംഭവത്തിൽ നവജാത ശിശു മരിച്ചു. ശനിയാഴ്ചയാണ് ദാരുണ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ഉത്തരപാറ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള ഒരു സ്വകാര്യ നഴ്‌സിങ് ഹോമിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി വൈകിയാണ് 16കാരിയെ കുടുംബാംഗങ്ങൾ നഴ്‌സിങ് ഹോമിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ വയറുവേദന വർധിച്ചതിനെ തുടർന്ന് പെൺകുട്ടി ശുചിമുറിയിലേക്ക് പോയി. അവിടെവെച്ച് ആരുടെയും സഹായമില്ലാതെ പ്രസവിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ഉത്തരപാറ പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രസവത്തിന് പിന്നാലെ പെൺകുട്ടി നവജാത ശിശുവിനെ ശുചിമുറിയിലെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞതായാണ് നഴ്‌സിങ് ഹോം അധികൃതർ ആരോപിക്കുന്നത്. തുടർന്ന് അതുവഴി കടന്നുപോയ ഒരാൾ രക്തത്തിൽ കുളിച്ച നിലയിൽ കുഞ്ഞ് കിടക്കുന്നത് കാണുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. നഴ്‌സിങ് ഹോമിലെ ഒരു നഴ്‌സ് ഉടൻ സ്ഥലത്തെത്തി കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെൺകുഞ്ഞാണ് മരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
പെൺകുട്ടി ഗർഭിണിയാണെന്ന വിവരം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞത്. സാധാരണ വയറുവേദനയാണെന്നാണ് കരുതിയതെന്നും അതിനെ തുടർന്നാണ് നഴ്‌സിങ് ഹോമിൽ എത്തിച്ചതെന്നും കുടുംബം അവകാശപ്പെട്ടു. കുടുംബത്തിന്റെ ഈ മൊഴി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
നഴ്‌സിങ് ഹോം ഉടമ സുചേത മുഖർജിയും സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചതെന്നും ശനിയാഴ്ച രാവിലെ രക്തപരിശോധന നടത്തിയെന്നും അവർ പറഞ്ഞു. രാവിലെ വയറുവേദന ശക്തമായതോടെ പെൺകുട്ടി സ്വയം ശുചിമുറിയിലേക്ക് നടന്നുപോയി. അവിടെവെച്ച് ആരുടെയും സഹായമില്ലാതെ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നുവെന്നാണ് സുചേത മുഖർജിയുടെ ആരോപണം.
അതുപോലെ പെൺകുട്ടിയെ പ്രവേശിപ്പിച്ച സമയത്ത് തന്നെ ഗർഭിണിയാണോ എന്ന കാര്യം നഴ്‌സിങ് ഹോമിലെ ജീവനക്കാർ കുടുംബാംഗങ്ങളോട് പലതവണ ചോദിച്ചിരുന്നുവെന്നും എന്നാൽ അത്തരമൊരു വിവരം അറിയില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും നഴ്‌സിങ് ഹോം ഉടമ അവകാശപ്പെട്ടു. അതേസമയം, മകൾ ഗർഭിണിയാണെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മകളെ നഴ്‌സിങ് ഹോമിൽ എത്തിച്ചത്. ശനിയാഴ്ച രാവിലെ ആശുപത്രിയിൽനിന്ന് ഫോൺവിളി ലഭിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും മാതാവ് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നഴ്‌സിങ് ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പെൺകുട്ടിയുടെ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചശേഷം ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മരിച്ച നവജാത ശിശുവിന്റെ പോസ്റ്റ്‌മോർട്ടം നടത്തും.
അതിനിടെ, ഈ നഴ്‌സിങ് ഹോമിൽ സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികളിൽ ചിലർ ആരോപിച്ചു. ഇതാദ്യമായല്ല ഇത്തരമൊരു സംഭവം നടക്കുന്നതെന്നും നേരത്തെയും നഴ്‌സിങ് ഹോം പരിസരത്തുനിന്ന് ഭ്രൂണം കണ്ടെത്തിയിട്ടുണ്ടെന്നും പ്രദേശവാസിയായ ശംഖ ശുഭ്ര ബാനർജി അവകാശപ്പെട്ടു.