സിനിമാ ഇൻഡസ്ട്രിയിൽ ആരും ബലമായി താരങ്ങളെക്കൊണ്ട് ഒന്നും ചെയ്യിക്കില്ലെന്ന് നടി ഇനിയ. കംഫർട്ടബിൾ അല്ലാത്ത രംഗങ്ങൾ, പറ്റില്ലാത്ത കാര്യങ്ങൾ അപ്പോൾ തന്നെ പറയണമെന്നും, പിന്നീട് അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും നടി പറഞ്ഞു. തുറന്നു പറയാനുള്ള ഗട്സ് ഇല്ലാതെ വരുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നതെന്നും നടി കൂട്ടിച്ചേർത്തു. “ഇൻഡസ്ട്രിയിൽ നമ്മളെ ആരും ബലമായി ഒരു കാര്യം ചെയ്യിക്കില്ല. നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല. നമ്മുടെ കംഫർട്ടബ്ലിറ്റി നമ്മളാണ് പറയേണ്ടത്. എനിക്കിങ്ങനെ ഇഴുകി ചേർന്നുള്ള രംഗങ്ങൾ, ബെഡ് റൂം സീനുകൾ, കിസിങ് സീനുകൾ, ഹഗ്ഗിങ് സീനുകൾ, ഇതൊന്നും ചെയ്യാൻ ഞാൻ കംഫർട്ടബിൾ അല്ല എന്ന് പറയണം. അല്ലെങ്കിൽ കുട്ടി ഉടുപ്പ് ഇടാൻ എനിക്ക് ബുദ്ധിമുട്ടാണ്. എന്നുള്ളത് പറഞ്ഞ് കഴിഞ്ഞാൽ, ആ സീനിന് ആവശ്യമുണ്ടെങ്കിൽ അവരത് ചീറ്റ് (സിനിമയിൽ പല ടെക്നിക്കുകൾ ഉണ്ട്) ചെയ്ത് അവരത് എടുക്കും. അങ്ങനെ തുറന്നു പറഞ്ഞാൽ ഒരു സംവിധായകന് അത് അഭംഗി ഇല്ലാത്ത വിധം അതെടുക്കാൻ കഴിയും.
അതിനുള്ള ടെക്നിക്കാലിറ്റികളുണ്ട്. ഇത് എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ എന്നെ അങ്ങനെ ഉപയോഗിച്ചു, എന്റെ അനുവാദമില്ലാതെ അത് ചെയ്തു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്റെ അച്ഛനെപ്പോഴും പറയാറുണ്ട്, നിന്റെ റൂം നിന്റെ പ്രൈവസിയാണ്. എന്റെ റൂമിലേക്ക് ഒരാൾ വാതിൽ തുറന്ന് കടന്നുവരണമെങ്കിൽ, ഞാൻ വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ വാതിലിന് ഉള്ളിലേക്ക് കടന്നുവരാൻ കഴിയുകയുള്ളൂ. വന്ന് കഴിഞ്ഞ്, പുള്ളി അടുത്തിരുന്നതിന് ശേഷം, പുള്ളി കയറി പിടിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും ചെയ്യാനോ ഒക്കെയുള്ള അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല. ലോക്ക് തുറക്കുന്നതിനു മുൻപേ ആ വ്യക്തിയെ എവിടെ നിർത്തണമെന്ന് അറിയണം.
സംഭവം കഴിഞ്ഞതിന് ശേഷം എനിക്കങ്ങനെ പറ്റി, ഇങ്ങനെ പറ്റി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതിന് മുൻപേ അത് എവിടെ വച്ച് തടയിടണമെന്ന് തീരുമാനിക്കാനുള്ള ഗട്സ് ഉണ്ടാകണം. ഇങ്ങനെ തന്നെ അഭിനയിക്കണം, ഇങ്ങനെ വസ്ത്രം ധരിക്കണം എന്നൊന്നും സിനിമയിൽ ആരും ഫോഴ്സ് ചെയ്യുന്നില്ല. സംവിധായകൻ പോലും അത് ചെയ്യില്ല. ഒരു സെറ്റിൽ ഒരു 150 പേരുടെ മുൻപിൽ നിന്നാണ് അഭിനയിക്കാൻ പറയുന്നത്. കെട്ടിപിടിക്കുന്ന സീൻ ആയാൽ പോലും കാമറയുടെ പിന്നിലൊക്കെ ഒരുപാട് പേർ നിന്ന് നോക്കി കൊണ്ടിരിക്കുന്നവരുണ്ടാകും. ഒരു ആർട്ടിസ്റ്റിന്റെ കംഫർട്ട് സോൺ എന്താണെന്ന് തീർച്ചയായിട്ടും സംവിധായകനോട് നേരിട്ട് സംസാരിക്കാം. എനിക്ക് തോന്നുന്നില്ല ആരും ഫോഴ്സ് ചെയ്യുമെന്ന്. അങ്ങനെ ഫോഴ്സ് ചെയ്യുന്നുണ്ടെങ്കിൽ, തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അത് പോട്ടെ എന്ന് വെക്കണം. അതിനുള്ള ഗട്സ് ഉണ്ടാകണം. ആ ഗട്സ് ഇല്ലാതെ വരുമ്പോഴാണ് പ്രശ്നം വരുന്നത്. എല്ലാം നടന്നതിന് ശേഷം ഫീൽ ചെയ്യും. ആ ഒരു സമയത്ത് എല്ലാം അടിയറവു വച്ചിട്ട്, പിന്നെ കിടന്ന് ഫീൽ ചെയ്തിട്ട് കാര്യമില്ല. സ്ത്രീകൾ പൊതുവേ അങ്ങനെയാണ്. ലോല ഹൃദയരാണ്. തിരിച്ചറിവ് വരാൻ കുറച്ചു താമസമാണ്. അത് വരണമെങ്കിൽ കുറച്ച് അനുഭവങ്ങൾ വേണം”.-ഇനിയ പറഞ്ഞു.