കൊച്ചി: അടിയന്തര ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും 3.25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ കവർന്നെടുക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ നടനും നടിയും ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി മൂവാറ്റുപുഴ കല്ലൂർക്കാട് പെരുമ്പള്ളിക്കുന്നേൽ ബിബിൻ ബേബി (നടൻ ബിബിൻ പെരുമ്പള്ളി-43), രണ്ടാംപ്രതി പെരുമ്പാവൂർ വെങ്ങോല ആലിൻചുവട് കവല സ്വദേശി കെ.ബി. വിഷ്ണു (31), മൂന്നാംപ്രതി പുതിയകാവ് അൻസൽ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നടി അതുല്യ ചന്ദ്ര (32) എന്നിവരെയാണ് കടവന്ത്ര എസ്.എച്ച്.ഒ. ഹരികൃഷ്ണനും സംഘവും വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു.
അന്യായമായി തടങ്കലിൽവെക്കൽ, ഭീഷണിപ്പെടുത്തൽ, മനഃപൂർവം മുറിവേൽപ്പിക്കൽ, കവർച്ച തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഒൻപത് പ്രതികൾകൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഹണിട്രാപ് നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
നഗരത്തിനടുത്ത് താമസിക്കുന്ന 41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ. നവംബർ രണ്ടിന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം. പ്രതികളിലൊരാളുടെ മാതൃസഹോദരിക്ക് ആരോഗ്യപ്രശ്നമുണ്ടെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നും പറഞ്ഞാണ് വൈറ്റില പൊന്നുരുന്നിയിലെ ജൂനിയർ ജനതാ റോഡിലുള്ള ബിബിന്റെ ഫ്ലാറ്റിലേക്ക് അതുല്യ ചന്ദ്ര ഡോക്ടറെ വിളിച്ചുവരുത്തിയത്.
ഫ്ലാറ്റിലെത്തിയ ഡോക്ടറെ നടൻ ബിബിൻ കരണത്തടിക്കുകയും കസേരയിൽ ബലമായി ഇരുത്തിയശേഷം വാരിയെല്ലിന് ഇടിക്കുകയും ചെയ്തെന്നാണ് പരാതി. വിഷ്ണു ഡോക്ടറുടെ രണ്ട് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും ഇയർപോഡും കവർന്നെടുത്തു. നടി അതുല്യ ചന്ദ്ര കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. മറ്റ് പ്രതികളും ഡോക്ടറെ തടഞ്ഞുവെച്ച് മർദിച്ചു.
ശാരീരിക അവശതകളെത്തുടർന്ന് രണ്ടുദിവസത്തിനുശേഷമാണ് ഡോക്ടർ പോലീസിൽ പരാതി നൽകിയത്.
അതേസമയം, ഫ്ലാറ്റിൽ നടന്ന സംഭവത്തെക്കുറിച്ച് പ്രതികൾ പോലീസിനോട് മറ്റൊരു വിശദീകരണമാണ് നൽകിയത്. രോഗിയായ സ്ത്രീ ഫ്ലാറ്റിലുണ്ടായിരുന്നുവെന്നതിന് പോലീസിന് ഇതുവരെ തെളിവും ലഭിച്ചിട്ടില്ല.