തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥി അഭിരാമിന്റെ കൊലപാതകത്തിൽ വീണ്ടും നിർണായക വഴിത്തിരിവ്. കേസിലെ 17 വയസ്സുകാരനായ പ്രതിയുടെ കാമുകി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന മൊഴികളാണ് പൊലീസിന് ലഭിച്ചത്. പ്രതിയുടെ ചില സുഹൃത്തുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് പ്രതിയും ആനന്ദയും സംശയിച്ചിരുന്നതായാണ് വിവരം. ഇതേത്തുടർന്ന് അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യലിൽ ആനന്ദയോ പ്രതിയോ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ അറസ്റ്റിലായ ഉമറിന്റെ കാമുകി ഐശ്വര്യയോടും പൊലീസ് ഇതുസംബന്ധിച്ച് വ്യക്തത തേടിയിട്ടുണ്ട്. പ്രതികളെയും ആനന്ദയെയും കസ്റ്റഡിയിൽ വാങ്ങിയശേഷം ഇക്കാര്യത്തിൽ വിശദമായി ചോദ്യം ചെയ്യും.
അഭിരാമിന്റെ കൊലപാതകത്തിൽ മുഖ്യപ്രതിയായ ഉമറിന്റെ കാമുകി ഐശ്വര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകം നടത്താൻ പോകുന്നതിനുമുമ്പ് ഉമർ ഐശ്വര്യയെ ഫോണിൽ വിളിച്ച് ഹോൾഡിലാക്കിയശേഷം ഫോൺ വീട്ടിൽവെച്ചുപോയെന്നാണ് വിവരം. പാങ്ങപ്പാറയിൽ കൊലപാതകം നടത്തുമ്പോൾ ഉമറിന്റെ സാന്നിധ്യം പുറത്തറിയാതിരിക്കാനായിരുന്നു ഈ നീക്കമെന്നാണ് പൊലീസിന്റെ നിഗമനം.
ഓരോ ദിവസവും സിനിമാക്കഥയെ വെല്ലുന്ന ഗൂഢാലോചനാ വിവരങ്ങളാണ് ശ്രീകാര്യത്തെ അഭിരാം കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. 17 വയസ്സുകാരനായ പ്രതി, ഇയാളുടെ കാമുകി ആനന്ദ, സുഹൃത്തും ഗുണ്ടയുമായ ഉമർ എന്നിവരാണ് നേരത്തെ കേസിൽ അറസ്റ്റിലായി റിമാൻഡിലുള്ളത്. ഉമറിന്റെ കാമുകി ഐശ്വര്യ കൂടി അറസ്റ്റിലായതോടെ കേസിൽ പ്രതികളുടെ എണ്ണം വർധിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഉമറായിരുന്നു ആസൂത്രണത്തിന് പിന്നിലെ പ്രധാനിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.