കൊച്ചി: റെഡ്ഡിറ്റിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കുറിച്ച ഒരു വാക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മലയാളി താരം സഞ്ജു സാംസണെക്കുറിച്ചുള്ള ചോദ്യത്തിന് മോഹൻലാലിന്റെ ഹിറ്റ് ചിത്രം ‘നരസിംഹ’ത്തിലെ ഐക്കോണിക് ഡയലോഗായ ‘നീ പോ മോനെ ദിനേശാ’ എന്നായിരുന്നു സച്ചിന്റെ മറുപടി.
ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണ് എന്ത് ഉപദേശമാണ് നൽകിയതെന്ന ആരാധകന്റെ ചോദ്യത്തിനാണ് സച്ചിൻ രസകരമായ മറുപടി നൽകിയത്. സച്ചിന്റെ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് സഞ്ജു തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു.
ഈ വാക്കിന്റെ അർഥം വിശദീകരിക്കാൻ ഏറ്റവും യോഗ്യൻ മലയാളത്തിന്റെ സ്വന്തം ലാലേട്ടനാണെന്ന് കുറിച്ചുകൊണ്ട് സഞ്ജു മോഹൻലാലിനെയും പോസ്റ്റിൽ ടാഗ് ചെയ്തു. പിന്നാലെ മോഹൻലാലും പ്രതികരണവുമായി രംഗത്തെത്തി. സച്ചിനെയും സഞ്ജുവിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ലാലേട്ടന്റെ മറുപടി.
‘മോനെ സഞ്ജു… സിക്സറടിച്ചശേഷം ബൗളർമാരോട് സച്ചിൻ പറഞ്ഞിരുന്നത് ‘നീ പോ മോനെ ദിനേശാ’ എന്നായിരുന്നു. നീ പോയി അടുത്ത പന്തെറിയ് എന്നായിരുന്നു അതിന്റെ അർഥം. ഇപ്പോൾ നീയും അതുപോലെയാണ്. അത് തുടരൂ, അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു’ എന്നായിരുന്നു മോഹൻലാലിന്റെ രസകരമായ മറുപടി.
ഇന്ത്യൻ ക്രിക്കറ്റിലെയും മലയാള സിനിമയിലെയും ഇതിഹാസങ്ങൾ തമ്മിലുള്ള ഈ രസകരമായ സംഭാഷണം ആരാധകരും ഏറ്റെടുത്തു. സച്ചിന്റെ മാസ് മറുപടിയും അതിന് മോഹൻലാൽ നൽകിയ ലാലേട്ടൻ ടച്ചുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.