പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർത്തു. ഇവർക്കെതിരെ അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും കേസിൽ പ്രതികളാണ്. ശ്രീനാദേവിയെ പ്രതി ചേർത്ത സാഹചര്യത്തിൽ അറസ്റ്റ് ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് ഇന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ മാത്രമാണെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് തന്നോട് ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുള്ളതായി അറിയില്ല. അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു. അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനോടായിരുന്നു ശ്രീനാദേവിയുടെ പ്രതികരണം.
അതിനിടെ, കേസിൽ അറസ്റ്റിലായ അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മൂന്നുമാസത്തിനിടെ പൊലീസ് ഒരു നോട്ടീസ് പോലും നൽകിയിരുന്നില്ലെന്ന് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് അറസ്റ്റ് ചെയ്ത ജയകൃഷ്ണൻ യഥാർഥ പ്രതിയല്ലെന്നും അഭിഭാഷകൻ വാദിച്ചു. കേസിലെ ഒന്നാം പ്രതി ബിജു ഉണ്ണിത്താന് മുൻകൂർ ജാമ്യം ലഭിച്ചതും പ്രതിഭാഗം പ്രധാന വാദമായി ഉയർത്തി. കഴിഞ്ഞ ദിവസമാണ് ജയകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിരുന്നു.
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ പ്രതികളെ തിരിച്ചറിഞ്ഞ് കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പൊലീസും അറിയിച്ചു. കണ്ടാലറിയാവുന്ന പ്രതികളെ തിരിച്ചറിഞ്ഞുവരികയാണ്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ചർച്ചയായതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. മൂന്നുമാസം മുൻപ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഇതുവരെ തുടർനടപടികൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഡിജിപി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു.