BREAKING NEWS

“നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,”- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! “എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ”- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിഷേധങ്ങൾ സജീവമായ ഈ കാലഘട്ടത്തിൽ, സുപ്രീം കോടതിയിൽ ഒരു ഹർജിക്കാരനോട്, എന്തുകൊണ്ട് പ്രതിഷേധ സമരങ്ങൾ നടത്തുന്നതിന് പകരം കോടതിയെ സമീപിച്ചു എന്ന് ചോദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നടത്തിയ പരാമർശം ശ്രദ്ധേയമായി. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും പട്ടികജാതി (SC), പട്ടികവർഗ (ST) വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങളിൽ ‘റൊട്ടേഷൻ’ (സംവരണ മണ്ഡലങ്ങൾ മാറിമാറി വരുന്ന രീതി) ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ തമാശ കലർന്ന പരാമർശം. “നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത് – ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്. ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,” അദ്ദേഹം പറഞ്ഞു. തനിക്ക് പ്രതിഷേധിക്കാൻ ഉദ്ദേശ്യമില്ലെന്നും, മാത്രമല്ല തൊണ്ടവേദനയുണ്ടെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ മറുപടിയും നൽകി.

ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ 191-ാം കടിപൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടറായ ജഗദീഷ് സിങ്ങാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. 1952-ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നതു മുതൽ ഏഴ് പതിറ്റാണ്ടിലേറെയായി മണ്ഡലം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നതിനെ ചോദ്യം ചെയ്താണ് ഹർജി. ഈ സംവരണത്തിന്റെ ആനുകൂല്യം നാലോ അഞ്ചോ കുടുംബങ്ങൾക്ക് മാത്രമാണ് ലഭിച്ചതെന്ന് ഹർജിക്കാരൻ ആരോപിച്ചു.

പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലുള്ളതുപോലെ നിയമസഭാ മണ്ഡലങ്ങളിലും സംവരണം ഓരോ നിശ്ചിത കാലയളവിലും മാറിമാറി വരുന്ന റൊട്ടേഷൻ സംവിധാനം നടപ്പാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇക്കാര്യം പരിഗണിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

സംവരണ മണ്ഡലങ്ങളിൽ റൊട്ടേഷൻ സംവിധാനം ഇല്ലാത്തത് ഭരണഘടനയുടെ 14, 15, 19 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരന്റെ വാദം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമായി സ്ഥാനാർഥിത്വം പരിമിതപ്പെടുത്തുന്നതിലൂടെ വോട്ടർമാർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന സ്ഥാനാർഥികളുടെ എണ്ണം കുറയുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജാതിയുടെ അടിസ്ഥാനത്തിലാണ് ഭൂരിപക്ഷ സമുദായത്തിലെ വോട്ടർമാർ വോട്ട് ചെയ്യുന്നതെന്ന് മുൻകൂട്ടി അനുമാനിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

“ഭൂരിപക്ഷ സമുദായം ജാതിയുടെയോ സമുദായത്തിന്റെയോ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുമെന്ന അനുമാനത്തിലാണ് ഈ വാദം നിലകൊള്ളുന്നത്. എന്നാൽ അങ്ങനെയാകണമെന്നില്ല. ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് കോടതിക്ക് ജുഡീഷ്യൽ പ്രഖ്യാപനം നടത്താനാകില്ല. അത് വോട്ടർമാർ തീരുമാനിക്കേണ്ട കാര്യമാണ്” എന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി വ്യക്തമാക്കി.

ഒരു മണ്ഡലം സംവരണം ചെയ്തതുകൊണ്ട് വ്യക്തിയുടെ വോട്ടവകാശത്തിന് യാതൊരു തടസവും ഉണ്ടാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വോട്ടർക്കുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ഏതെങ്കിലും പ്രത്യേക സമുദായത്തിൽപ്പെട്ട സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിയുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ, ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം ഒരു മണ്ഡലത്തിൽ മാത്രമായി പരിമിതപ്പെടുന്നില്ല. സംവരണമില്ലാത്ത മറ്റ് മണ്ഡലങ്ങളിൽ നിന്നും സ്ഥാനാർഥിക്ക് മത്സരിക്കാമെന്നും കോടതി നിരീക്ഷിച്ചു.

മൾട്ടി പാർട്ടി ജനാധിപത്യ സംവിധാനത്തിൽ വോട്ടർമാർ സ്ഥാനാർഥിയുടെ മതമോ ജാതിയോ നോക്കിയല്ല, മറിച്ച് രാഷ്ട്രീയ പാർട്ടികളുടെയും അവയുടെ ആശയങ്ങളുടെയും അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യേണ്ടതെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. “വോട്ടർമാർ ഒരു പാർട്ടിക്കും അതിന്റെ ആശയങ്ങൾക്കുമാണ് വോട്ട് ചെയ്യേണ്ടത്, മതത്തിന്റെ അടിസ്ഥാനത്തിലല്ല. ഒരു പ്രത്യേക ആശയത്തെ പിന്തുണയ്ക്കാനോ എതിർക്കാനോ ഒരാൾക്ക് തീരുമാനിക്കാം. ആ ആശയത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയുടെ വ്യക്തിത്വം അപ്രസക്തമാണ്” എന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ സംവരണ മണ്ഡലങ്ങളിൽ റൊട്ടേഷൻ സംവിധാനം നടപ്പാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഭരണഘടനയുടെ 332-ാം അനുച്ഛേദം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നിയമസഭകളിൽ സീറ്റുകൾ സംവരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഏതൊക്കെ മണ്ഡലങ്ങളാണ് സംവരണ മണ്ഡലങ്ങളായി നിശ്ചയിക്കേണ്ടതെന്നത് മറ്റൊരു വിഷയമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഒരു പ്രത്യേക മണ്ഡലത്തെ സംവരണ മണ്ഡലമായി നിശ്ചയിക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങളോട് വിയോജിപ്പുണ്ടെന്ന കാരണത്താൽ മാത്രം ആ നടപടി ഭരണഘടനാവിരുദ്ധമാകില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തമായതോ പ്രകടമായതോ ആയ ഏകപക്ഷീയത നടപടിയിൽ ഉണ്ടോയെന്ന് പരിശോധിക്കുക മാത്രമാണ് കോടതിയുടെ പരിധിയിലുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ദീർഘകാലം ഒരേ മണ്ഡലം സംവരണ മണ്ഡലമായി തുടരുന്നത് സമൂഹത്തിൽ ജാതീയമായ വിഭജനബോധം വളർത്തുന്നുണ്ടോയെന്ന് വിലയിരുത്തേണ്ടത് നിയമനിർമാണ സഭകളാണെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. അത്തരമൊരു ആശങ്കയുടെ പേരിൽ മാത്രം നിലവിലുള്ള നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന തിരുത്തിയെഴുതാനാകില്ല

ഹർജിക്കാരന്റെ അഭിഭാഷകൻ ഭരണഘടനയുടെ 243ഡി, 243ടി അനുച്ഛേദങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാദം ഉന്നയിച്ചത്. പഞ്ചായത്തുകളിലും നഗരസഭകളിലും സംവരണവും റൊട്ടേഷൻ സംവിധാനവും നടപ്പാക്കാൻ ഈ അനുച്ഛേദങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേ മാതൃക നിയമസഭാ മണ്ഡലങ്ങളിലും നടപ്പാക്കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.

എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കായി ഭരണഘടനയിൽ പ്രത്യേക സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ വ്യവസ്ഥകൾ കോടതിക്ക് തിരുത്തിയെഴുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ മണ്ഡലങ്ങളിലേക്കും റൊട്ടേഷൻ സംവിധാനം ബാധകമാകുന്ന തരത്തിൽ നിയമം വ്യാഖ്യാനിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, “പാർലമെന്റിന്റെ മൂന്നാമത്തെ സഭയായി പ്രവർത്തിക്കാൻ കോടതിക്ക് കഴിയില്ല” എന്നായിരുന്നു ജസ്റ്റിസിന്റെ മറുപടി.

ഇതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രതിഷേധത്തെക്കുറിച്ചുള്ള പരാമർശം നടത്തിയത്. കോടതിയെ സമീപിക്കുന്നതിന് പകരം സമരം ചെയ്യുന്നതാണ് ഇപ്പോഴത്തെ കാലത്തിന് യോജിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ സമരം ചെയ്യാൻ ഉദ്ദേശ്യമില്ലെന്നും തൊണ്ടവേദനയുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കിയതോടെ ചീഫ് ജസ്റ്റിസ് വീണ്ടും പ്രതികരിച്ചു. പാർലമെന്റ് ഈ വിഷയം പുനഃപരിശോധിക്കേണ്ട സമയമായെന്ന് ഉറക്കെ ആവശ്യപ്പെടാൻ അഭിഭാഷകന് കഴിയുമെന്നും എന്നാൽ അത്തരമൊരു തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭ മാത്രമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഭലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026
BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026
BREAKING NEWS
വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകളുടെ കൂടെ കാമുകനെ, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു, പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍
04 Nov 2026