തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനായ പ്ലസ് വൺ വിദ്യാർഥിയെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ. ഇനി പോലീസ് പിടിക്കുകയാണെങ്കിൽ പ്രായപൂർത്തിയാകാത്തയാൾ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തണമെന്ന് പ്രതികൾ നേരത്തെ തീരുമാനിച്ചിരുന്നതായും കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസിൽ നിലവിൽ മൂന്ന് പ്രതികളാണ് ഉള്ളതെന്നും ഒന്നാംപ്രതിയും രണ്ടാംപ്രതിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും കമ്മീഷണർ വ്യക്തമാക്കി. ‘ആദ്യം ഒരു മിസ്സിങ് കേസായാണ് ഇതിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് ഈ 16 അംഗ സംഘം അന്വേഷണം നടത്തിയത്. 17കാരന്റെ ഫോണിൽനിന്നാണ് കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.’ കമ്മീഷണർ പറഞ്ഞു.
‘കുട്ടിയുടെ അവസാന ടവർ ലൊക്കേഷനിൽ കുട്ടിയുടെ ബന്ധുക്കൾക്കൊപ്പം ചെന്ന് പോലീസും പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി, പ്രതിയായ 17-കാരനെ ഇന്നലെ വെളുപ്പിനെ സ്റ്റേഷനിൽ എത്തിച്ചു. പ്രായപൂർത്തിയാകാത്ത ആളായതുകൊണ്ടാണ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിക്കാഞ്ഞത്. മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചത് എന്നത് സംബന്ധിച്ച കാര്യത്തിൽ കുറ്റസമ്മതം നടത്തിയത് ഒന്നാം പ്രതിയായ 17-കാരനാണ്.’
‘എന്നാൽ മൂന്നാം പ്രതിക്കും കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടായിരുന്നു. 17 കാരൻ മുൻപ് പ്രതിയായിട്ടുള്ള കേസുകളിലെ ഒന്നാം പ്രതിയാണ് ഈ കേസിലെ രണ്ടാംപ്രതി ഉമർ. ആ സാഹചര്യത്തിലാണ് ഉമറിനെ ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഉമർ പോലീസിന്റെ വണ്ടിയിൽവെച്ചാണ് കാര്യങ്ങൾ തുറന്നുപറഞ്ഞത്. കൊലപാതകം നടത്തുന്നതിനായി പ്രതികൾ ദിവസങ്ങൾ നീണ്ട ഗൂഢാലോചന നടത്തിയിരുന്നു.’
‘അതിനാൽ തന്നെ ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. പോലീസ് പിടികൂടുകയാണെങ്കിൽ പ്രായപൂർത്തിയാകാത്ത വ്യക്തി കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തണമെന്ന് പ്രതികൾ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. പ്രതികളിൽ ഒരാൾ കൈകൊണ്ടും ഒരാൾ ബെൽറ്റുകൊണ്ടും അഭിരാമിന്റെ കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കേസിൽ ശിക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ചില കാര്യങ്ങൾ ബന്ധുക്കളിൽ നിന്നും മറച്ചുവയ്ക്കേണ്ടി വരുന്നത്.’ കമ്മീഷണർ വ്യക്തമാക്കി.
അതേസമയം പ്രതികൾ മുമ്പും ഇത്തരത്തിൽ കൊലപാതകം ശ്രമം നടത്തിയിരുന്നോ എന്നതിനെക്കുറിച്ച് കൂടുതലായി അന്വേഷിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടാതെ കേസിലെ തെളിവുകൾ സ്ട്രോങ്ങാണെന്നും പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽനിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്നും തിരുവനന്തപുരം ഡിസിപി ഷഹൻ ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു. കൗമാരക്കാർക്കിടയിലെ പ്രണയത്തർക്കമാണ് അരും കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.