തിരുവനന്തപുരം: എക്‌സൈസ് മന്ത്രി എം ലിജുവിനെതിരേ പരിഹാസവുമായി മുൻമന്ത്രി എംബി രാജേഷ്. എക്‌സൈസ് മന്ത്രി സ്വയം വിഡ്ഢിയാവുകയാണ്. അതൃപ്തി വകുപ്പ് മന്ത്രിയെന്നു വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ. ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവിയെന്ന് എംബി രാജേഷ് പറഞ്ഞു. എക്സൈസ് മന്ത്രി സ്വയം വിഡ്ഡിയാവുകയാണോ അതോ ജനങ്ങളെ വിഡ്ഡിയാക്കുകയാണോ എന്നതാണ് സംശയം.
കഴിഞ്ഞ ആറ് മാസത്തിനിടെ വകുപ്പിൽ ഉണ്ടായ എല്ലാ തീരുമാനങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞത് ഞാനറിഞ്ഞില്ല, എനിക്കതിൽ അതൃപ്തിയുണ്ടെന്നാണ്. വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച തീരുമാനത്തിൽ മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. ഫോർട്ടി വൈൻ സംബന്ധിച്ച ലൈസൻസ് നൽകിയതിനെ കുറിച്ചും മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. എഫ് ഇലവൻ ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചു, ബിയർ പാർലറുകൾ പുതുക്കാൻ ഉള്ള തീരുമാനം ഉണ്ടായി പക്ഷേ മന്ത്രി മാത്രം അറിഞ്ഞില്ല, മന്ത്രിക്ക് അതൃപ്തിയുണ്ട്.
ഏറ്റവും ഒടുവിൽ മൂന്ന് ബാറുകൾക്ക് ലൈസൻസ് കൊടുത്തു. അതും മന്ത്രി അറിഞ്ഞിട്ടില്ല. പക്ഷേ അതൃപ്തിയുണ്ട്. ഓരോ തവണയും അതൃപ്തി രേഖപ്പെടുത്തുന്ന മന്ത്രി അതൃപ്തി വകുപ്പ് മന്ത്രി അല്ലാതെ പിന്നെ എന്താണ്. എന്നാൽ അത് സംശയമുണ്ട്. ഓരോ തവണയും മന്ത്രി ലിജു ജനങ്ങളെ വിഡ്ഢിയാക്കുകയാണ്. നയം വരുന്നതു വരെ പുതിയൊരു ലൈസൻസ് കൊടുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെങ്കിൽ ചട്ടഭേദഗതി വരുത്തി അതൊരു ഉത്തരവായി ഇറക്കുന്നതാണ് നടപടി ക്രമം. അങ്ങനെയൊരു ഉത്തരവ് ഇറക്കാൻ കഴിഞ്ഞ ആറുമാസമായി മന്ത്രി തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ഒരു കുറിപ്പ് പോലും എഴുതി നൽകിയിട്ടുണ്ടോ എന്ന് എം ബി രാജേഷ് ചോദിച്ചു.