കൊച്ചി: ഗായിക റിമി ടോമിയും ജിം പരിശീലകനായ ലിബിൻ മാത്യുവും വിവാഹിതരാകാൻ തീരുമാനിച്ചതിന് പിന്നാലെ ഇരുവരുടെയും പഴയ ഇൻസ്റ്റഗ്രാം ചിത്രവും നടി ശ്വേത മേനോന്റെ കമന്റും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നോ ശ്വേത എന്നതാണ് ഇപ്പോഴത്തെ ചർച്ച.
കഴിഞ്ഞ സെപ്റ്റംബറിൽ റിമിയും ലിബിനും ഒരുമിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഈ ചർച്ചയ്ക്ക് ആധാരം. തരംഗമായ 80സ് ട്രെൻഡ് വിന്റേജ് ശൈലിയിലുള്ള ചിത്രത്തിന് ‘എന്റെ ബെസ്റ്റ് ട്രെയിനിങ് പാർട്ണർ’ എന്ന അടിക്കുറിപ്പിനൊപ്പം ലവ് ഇമോജിയും റിമി ചേർത്തിരുന്നു.
ചിത്രത്തിനു താഴെ ശ്വേത മേനോൻ കുറിച്ച കമന്റായിരുന്നു ശ്രദ്ധ നേടിയത്. ‘ഞാൻ ഇതിൽ കൂടുതൽ എന്തെങ്കിലും അർഥം കാണുന്നുണ്ടോ?’ എന്നായിരുന്നു ശ്വേതയുടെ ചോദ്യം. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ശ്വേതയ്ക്ക് അന്നുതന്നെ സംശയം തോന്നിയിരുന്നുവെന്നാണ് ഇപ്പോൾ ആരാധകർ കമന്റുകളിലൂടെ പറയുന്നത്. തങ്ങൾക്കു തോന്നിയതും ശ്വേതയുടെ സംശയവും ശരിയായിരുന്നുവെന്നും ചിലർ കുറിക്കുന്നു.
കൂടെയുണ്ടാകുമ്പോൾ ധൈര്യം തോന്നുന്ന, ഏറ്റവും അടുത്ത സുഹൃത്തിനെയാണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതെന്നാണ് റിമി ടോമി പറഞ്ഞത്. മാർച്ചിലാണ് ലിബിനെ ആദ്യമായി കണ്ടതെന്നും ഏറെ ആഗ്രഹിച്ച് ദൈവത്തോട് പ്രാർഥിച്ചിരുന്ന സമയത്താണ് ഇരുവരും ഒരുമിച്ചതെന്നും റിമി വെളിപ്പെടുത്തിയിരുന്നു.
നവംബർ 14ന് മുംബൈയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹം. വിവാഹശേഷം മുംബൈയിലേക്ക് താമസം മാറാനും റിമി പദ്ധതിയിടുന്നുണ്ട്.