കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധിച്ചതിന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. 10 വിദ്യാർഥികൾക്ക് നാളെ മുതൽ തുടങ്ങുന്ന പരീക്ഷ എഴുതാനാകില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് വിധി ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാൻ തടസമാണെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസും സർവകലാശാലയും സമർപ്പിച്ച ഹരജിയിലാണ് ഈ ഉത്തരവ്. മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെയാണ് പരീക്ഷയെഴുതാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ആവശ്യമായ ഹാജരില്ലെന്നും സൂപ്പർ ഫൈനോട് കൂടി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള തീയതിയും കഴിഞ്ഞുപോയെന്നുമാണ് വിസിയുടെ വാദം. നാളെ മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചതോടെ വിദ്യാർഥികൾക്ക് പരീക്ഷ നഷ്ടമാകും.
അതേസമയം, സസ്‌പെൻഷനെതിരെ സമരം തുടരുമെന്ന് എസ്എഫ്‌ഐയും അറിയിച്ചു. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഇന്നുമുതൽ നിരാഹാര സമരം ആരംഭിച്ചു. വിസിക്കെതിരെ അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചു’ എന്ന നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും അവതരിപ്പിക്കും. ആഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്.
നിലവിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പ് എഴുതി നൽകിയാൽ 12 വിദ്യാർഥികളുടേയും സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു ഇന്നലെ കൂടിയ സിൻഡിക്കറ്റ് തീരുമാനമെടുത്തിരുന്നു. മാപ്പ് എഴുതി നൽകി കീഴടങ്ങാനില്ലെന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രഖ്യാപനം. ഓഗസ്റ്റ് 23ലെ സമരം അക്രമത്തിലേക്ക് എത്തിയെന്നും വിസിയുടെ പ്രതീകാത്മക ശവ ഘോഷയാത്ര നടത്തിയെന്നുമാണ് അന്വേഷണ സമിതി സിൻഡിക്കറ്റിനു മുന്നിൽ വച്ച റിപ്പോർട്ടിലുള്ളത്.