ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റ് 13 ജീവനക്കാരെയും ഒമാൻ തീരസംരക്ഷണ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇന്ത്യയുടെ മൾട്ടി പർപ്പസ് സപ്പോർട്ട് വെസ്സലായ ‘അൽ ജുസൂഫി’ക്ക് നേരെയാണ് നവംബർ രണ്ടിന് അജ്ഞാത ആകാശവസ്തു ഉപയോഗിച്ച് ആക്രമണമുണ്ടായത്. കപ്പലിൽ 14 ഇന്ത്യൻ നാവികരാണ് ഉണ്ടായിരുന്നതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
കൊല്ലപ്പെട്ട നാവികനെ ഗുജറാത്ത് സ്വദേശിയായ ഗന്ധർ നഹീം അജിജ് എന്നാണ് തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 13 പേരെയും ഒമാൻ തീരസംരക്ഷണ സേന സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി മന്ത്രി എക്സിലൂടെ അറിയിച്ചു.
സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മന്ത്രി, കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വ്യക്തമാക്കി. രക്ഷപ്പെട്ട 13 നാവികർക്കും അടിയന്തര സഹായം ഉറപ്പാക്കുന്നതിനായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഒമാനിലെ ഇന്ത്യൻ എംബസിയും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. രക്ഷപ്പെട്ട ജീവനക്കാരെ എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നതിനും കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, കപ്പലിന് നേരെ ആക്രമണം നടത്തിയത് ആരാണെന്നോ ഏത് തരത്തിലുള്ള ആയുധമാണ് ഉപയോഗിച്ചതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫെബ്രുവരിയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെയും ഗൾഫ് മേഖലയിലൂടെയും സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഊർജവിതരണത്തെയും സമ്പദ്വ്യവസ്ഥയെയും ബാധിച്ചുകൊണ്ടിരിക്കെ ഗൾഫ് സമുദ്രപാതകളിലൂടെയുള്ള കപ്പൽഗതാഗതം കൂടുതൽ അപകടസാധ്യതയിലായിരിക്കുകയാണ്.
ഗൾഫ് സമുദ്രപരിധിയിൽ ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കുറഞ്ഞത് 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ കൂട്ടായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇന്ത്യയ്ക്ക് വലിയ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ കഴിഞ്ഞ മാസം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സംഘർഷത്തിൽ 22 ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായതായും ഇതിൽ 14 പേർ നാവികരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗൾഫ് മേഖലയിലെ കപ്പൽഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ഗുജറാത്ത് സ്വദേശിയായ മറ്റൊരു നാവികൻ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.