ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കു മുന്നോടിയായി ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായുനിലവാര സൂചിക (എക്യുഐ) 349 രേഖപ്പെടുത്തി. ഇതോടെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലെത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വായുനിലവാരം ‘മോശം’ വിഭാഗത്തിൽ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര വായുനിലവാര മുന്നറിയിപ്പ് സംവിധാനം (എക്യുഇഡബ്ല്യുഎസ്) അറിയിച്ചു. ബുധനാഴ്ചയോടെ മലിനീകരണത്തോത് ‘അതീവ മോശം’ വിഭാഗത്തിലേക്ക് ഉയരാനും സാധ്യതയുണ്ട്. തുടർന്നുള്ള ആറുദിവസവും വായുനിലവാരം മോശം, അതീവ മോശം വിഭാഗങ്ങൾക്കിടയിൽ തുടരാനാണ് പ്രവചനം.
വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതും താപനില കുറയുന്നതുമാണ് മലിനീകരണത്തോത് ഉയരാൻ കാരണമായത്. ശനിയാഴ്ച 5.33 ശതമാനമായിരുന്ന വൈക്കോൽ കത്തിക്കലിൽ നിന്നുള്ള മലിനീകരണത്തിന്റെ വിഹിതം ഞായറാഴ്ച 18.57 ശതമാനമായി ഉയർന്നു. കാറ്റിന്റെ വേഗം കുറയുന്നതും മൂടൽമഞ്ഞും മലിനവായു അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകുന്നുണ്ട്. ഞായറാഴ്ച ഡൽഹിയിൽ കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസായിരുന്നു. കാലാവസ്ഥാ ശരാശരിയേക്കാൾ 1.9 ഡിഗ്രി കുറവാണിത്.
വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നുമുതൽ ഡൽഹിയിൽ പ്രത്യേക കർമപദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ബിഎസ്-VI നിലവാരത്തിൽ താഴെയുള്ള ഡൽഹിക്ക് പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. പൊടിപടലങ്ങൾ ഉയരാൻ ഇടയാക്കുന്ന നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ജീവനക്കാർ നേരിട്ടെത്തിയും ശേഷിക്കുന്നവർ വീട്ടിലിരുന്നും ജോലി ചെയ്യണമെന്നാണ് നിർദേശം. അവശ്യസേവന മേഖലകൾക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്. ദീപാവലി അടുത്തിരിക്കെ മലിനീകരണത്തോത് ഇനിയും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.