കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. മരിച്ച സാജു ആന്റണിയുടെയും മകൻ സവിന്റെയും ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സവിൻ ഓൺലൈൻ ഗെയിമിങ്ങിലും ട്രേഡിങ്ങിലും പണം നിക്ഷേപിച്ച് നഷ്ടമുണ്ടാക്കിയിരുന്നതായി ബന്ധുക്കളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഈ വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
വിദേശത്തുള്ള സവിന്റെ ഭാര്യയിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ തേടും. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന സൂചന ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കുടുംബത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സവിൻ (34) എന്നിവരെയാണ് ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് സമീപത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സാജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സവിനെ സ്റ്റോർ റൂമിലുമാണ് കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ അതിക്രമം നടന്നതിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. പ്രാഥമിക നിഗമനം ആത്മഹത്യയെന്നാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
മൂവരുടെയും മൃതദേഹങ്ങൾ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് സംസ്കാരം.