ന്യൂഡൽഹി: കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. സർവകലാശാല എന്നത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവിടെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതും പിരിച്ചുവിടുന്നതുമെല്ലാം സർവകലാശാലയുടെ മാത്രം അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതുപോലെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ വിദ്യാർഥികൾക്കെതിരെ സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ടെന്ന് റോജി എം. ജോൺ ചൂണ്ടിക്കാണിച്ചു. അന്ന് 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്തിരുന്നു. ഒരു വിദ്യാർഥിയെ സർവകലാശാലയിൽനിന്ന് പിരിച്ചുവിടുന്ന സാഹചര്യവും അന്നുണ്ടായി. എന്നാൽ, അന്ന് ഇപ്പോഴത്തെ പോലെ ചോദ്യങ്ങൾ ചോദിക്കാൻ ആരും മുന്നോട്ടുവന്നില്ല. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയോടോ, അന്നത്തെ മുഖ്യമന്ത്രിയോടോ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ ഇന്ന് പ്രതിഷേധിക്കുന്ന എസ്എഫ്ഐക്കാർക്ക് ആർജ്ജവം ഇല്ലായിരുന്നുവെന്നും റോജി എം. ജോൺ പറഞ്ഞു.
അതേസമയം കഴിഞ്ഞദിവസവും എസ്എഫ്‌ഐക്കെതിരെ റോജി എം. ജോൺ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർഥികളുടെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തത്തെയാണ് എസ്എഫ്ഐ ദുഷ്ട ലാക്കോടെ അലങ്കോലമാക്കിയത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിച്ചിരുന്നു.മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അഴിപ്പിച്ച പിണറായിക്കാലമല്ല കേരളത്തിൽ. വിദ്യാർഥികളുടെ സന്തോഷം തല്ലിക്കെടുത്തി, സമരമെന്ന പേരിൽ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ ആ വിരട്ടലിന് മുന്നിൽ വിറയ്ക്കില്ലെന്നും റോജി എം. ജോൺ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചു.
വെള്ളിയാഴ്ച എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയായിരുന്നു സംഭവം. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു എസ്എഫ്‌ഐ പ്രതിഷേധം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബിരുദദാന ചടങ്ങ് ആരംഭിച്ചത്. മന്ത്രി റോജി എം. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ, കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട് സദസിൽനിന്ന് വിദ്യാർഥികൾ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. പ്രസംഗത്തിനുശേഷം മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാർഥികൾ ചോദ്യം ചോദിക്കുന്നത് തുടർന്നു.
പിന്നീട് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ചോദ്യം ചോദിച്ച വിദ്യാർഥിനിയെ നീക്കംചെയ്യാൻ ശ്രമിച്ചതോടെ എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. ഓഡിറ്റോറിയത്തിൽ കറുത്ത ബാനറും ഉയർത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി റോജി എം. ജോൺ വേദി വിട്ടുപോവുകയായിരുന്നു.