കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നാദാപുരം പോക്സോ കോടതി ജഡ്ജി ദേവൻ കെ. മേനോന്റേതാണ് വിധി. ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശി പൊക്കിട്ടാരി മീത്തൽ രതീഷിനെയാണ് കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന ഒൻപതു വയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസവും കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ പറയുന്നത്.
എടച്ചേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐ. കെ. രാജേഷും എ.എസ്.ഐ. ഷീനയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. കേസിൽ 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.